Kottayam

പെസഹാ സ്നേഹസംഗമം കരിങ്ങോഴക്കലിൽ; കെ.എം. മാണിയുടെ ഓർമ്മകളിൽ നിറഞ്ഞ് കുട്ടിയമ്മ മാണി

Posted on

 

പെസഹാ ആചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയുടെ പാലാ കരിങ്ങോഴക്കൽ ഭവനത്തിൽ അപ്പം മുറിക്കൽ ചടങ്ങ് ഭക്തിപൂർവ്വം നടന്നു. രാവിലെ മുതൽ നടന്നിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉച്ചയോടെ അവധി നൽകി, വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ് ജോസ് കെ മാണി പെസഹാ ദിനാചരണം നടത്തിയത്.

അമ്മ കുട്ടിയമ്മ മാണി, ഭാര്യ നിഷ, മകൻ കുഞ്ഞ് മാണി, മകൾ ഋതിക, മരുമകൻ കുര്യൻ, മകൾ പ്രിയങ്ക, സഹോദരിമാരായ ആനി സേവ്യർ, സാലി ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കുടുംബാംഗങ്ങൾ ഒരുമിച്ച് ചേർന്ന് നടത്തിയ പ്രാർത്ഥനയ്ക്ക് ശേഷം ജോസ് കെ മാണി കുരിശപ്പം  മുറിച്ച് കുട്ടിയമ്മയ്ക്ക് നൽകി.

ഒരു കാലത്ത് കെ.എം. മാണി സാന്നിധ്യമുണ്ടായിരുന്ന പെസഹാ ദിനങ്ങളുടെ ഓർമ്മകൾ ആ നിമിഷങ്ങളിൽ കുട്ടിയമ്മയുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നതായി തോന്നി. ഭിത്തിയിൽ തൂങ്ങിയിരിക്കുന്ന താനും കെ.എം. മാണിയുമായുള്ള ചിത്രത്തിലേക്ക് അവർ നീണ്ടുനോക്കിയിരുന്നു. “കുട്ടിയമ്മേ…” എന്ന് നീട്ടി വിളിച്ചിരുന്ന കെ.എം. മാണിയുടെ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുവെന്ന പോലെ ആ നിമിഷം ഹൃദയസ്പർശിയായി.

ശേഷം കുടുംബാംഗങ്ങൾ പെസഹാ വിശേഷങ്ങളിൽ മുഴുകി. അതേസമയം കുഞ്ഞുമാണിയും മരുമകൻ കുര്യനും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവെച്ചതോടെ വീട്ടുവളപ്പിൽ ആത്മീയതയും രാഷ്ട്രീയ ചൂടും ഒത്തുചേർന്നൊരു അപൂർവ്വ അന്തരീക്ഷ സൃഷ്ടിയായി.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version