Kerala
പോസ്റ്ററും ;ഫ്ളക്സും കുറയ്ക്കും ;ഭവനരഹിതരില്ലാത്ത പുതുപ്പള്ളി എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ചാണ്ടി ഉമ്മനും സംഘവും
പുതുപ്പള്ളി :ഭവനരഹിതരില്ലാത്ത പുതുപ്പള്ളി എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ചാണ്ടി ഉമ്മനും സംഘവും .. അതിനായി ഉമ്മൻചാണ്ടി ഭവനനിർമാണ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50 വീടുകളുടെ നിർമാണമാണ് ആരംഭിച്ചത്. രണ്ടര വർഷത്തിനുള്ളിൽ തന്നെ ഇതിൽ 47 വീടുകളുടെ നിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശം നടത്തി. ശേഷിക്കുന്ന മൂന്ന് വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
100 വീടുകൾകൂടി നിർമിച്ചുനൽകാനാണു തീരുമാനം. അഞ്ച് വർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 25 വീടുകൾക്ക് കഴിഞ്ഞദിവസം തറക്കല്ലിട്ടു. ഇതിനെല്ലാമുള്ള പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനായിട്ടാണ് ആർഭാടങ്ങൾ ഒഴിവാക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെയും തന്റെ പ്രസ്ഥാനത്തെയും അറിയാം. ആ സാഹചര്യത്തിൽ എന്തിന് ധൂർത്ത് നടത്തണമെന്നാണു ചാണ്ടിയുടെ ചോദ്യം.
റോഡ് ഷോ, സൈക്കിൾ റാലി, ജനസമ്പർക്കയാത്ര തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണമാണ് ലക്ഷ്യം. വർഷങ്ങളായി ജനങ്ങൾക്കിടയിലാണു പ്രവർത്തിക്കുന്നത്. ഫ്ളക്സുകളിലല്ല, ജനമനസുകളിലാണ് സ്ഥാനം ലഭിക്കേണ്ടതെന്നാണ് വിശ്വസിക്കുന്നത്.
ഡിജിറ്റൽ യുഗമാണ്. എല്ലാ വീടുകളിലും കടന്നുചെല്ലാൻ ഇത്തരം അവസരങ്ങൾ ഏറെയുണ്ട്. പോസ്റ്ററുകളുടെ ഉപയോഗവും കുറയ്ക്കും. നോട്ടീസുകളും സോഷ്യൽ മീഡിയയും പരമാവധി ഉപയോഗിച്ചുള്ള പ്രചാരണത്തിനായിരിക്കും പ്രാധാന്യം. ഡോർ ടു ഡോർ പ്രചാരണവും കൂടുതൽ ഊർജിതമാക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.