Kerala

സഭകളുടെ എൈക്യം കാലഘട്ടത്തിന്റെ ആവശ്യകതയും സമുദായത്തിന്റെ ശക്തിക്കും നിലനില്‍പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതവുമാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

Posted on

കടുത്തുരുത്തി: സഭകളുടെ എൈക്യം കാലഘട്ടത്തിന്റെ ആവശ്യകതയും സമുദായത്തിന്റെ ശക്തിക്കും നിലനില്‍പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതവുമാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കടുത്തുരുത്തിയില്‍ നടന്ന സീറോ മലബാര്‍ സമുദായ ശക്തീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. രാഷ്ട്രീയത്തിലും ഭരണ, സേവന മേഖലകളിലെല്ലാം സഭാമക്കളുടെ സാന്നിദ്ധ്യം കൂടുതല്‍ കരുത്തോടും ശക്തിയോടും കൂടെ ഉണ്ടാവണമെന്നു പറഞ്ഞ ബിഷപ്പ് സഭയില്‍ കന്യാസ്ത്രീകള്‍ ചെയ്യുന്ന സേവനം മഹത്തരമാണെന്നും കന്യാസ്ത്രീകളില്ലാത്ത സഭയെ കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ഓര്‍മിപ്പിച്ചു.

കത്തോലിക്കരുടെ ഐക്യത്തിനാവണം പ്രാമുഖ്യം നല്‍കേണ്ടതെന്നു പറഞ്ഞ മാര്‍ കല്ലറങ്ങാട്ട് നസ്രാണി ദീപികയുടെ ആരംഭത്തെ കുറിച്ചും ഇതിലൂടെ ലക്ഷ്യം വച്ച കാര്യങ്ങളും സമ്മേളനത്തില്‍ സ്മരിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍.ജോസഫ് കണിയോടിക്കല്‍, കടുത്തുരുത്തി ഫൊറോന പള്ളി വികാരി ഫാ.ജോണ്‍ പാളിത്തോട്ടം, എസ്എംവൈഎം രൂപത പ്രതിനിധി എഡ്വിന്‍ ജോസ് മുണ്ടുമാക്കില്‍, ഷീബ ബിനോയി പള്ളിപ്പറമ്പില്‍ (രാമപുരം സണ്‍ഡേ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്),

ജോസ് ജെയിംസ് നിലപ്പന എന്നിവര്‍ പ്രസംഗിച്ചു. മുഖ്യവികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍, മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ.അബ്രാഹം കൊല്ലിതാനത്തുമലയില്‍, കോതനല്ലൂര്‍ ഫൊറോനാ വികാരി ഫാ.കുര്യന്‍ കാലായില്‍, താഴത്തുപള്ളി സഹവികാരി ഫാ.അബ്രാഹം പെരിയപ്പുറത്ത്, മോന്‍സ് ജോസഫ് എംഎല്‍എ, വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകര്‍, സിസ്റ്റേഴ്‌സ്, സമുദായംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടുത്തുരുത്തി, മുട്ടുചിറ, കോതനല്ലൂര്‍ ഫൊറോനാകളുടെ പരിധിയിലെ 22 ഇടവകകളുടെ നേതൃത്വത്തിലാണ് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവകയില്‍ സമ്മേളനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version