Kerala
യുദ്ധക്കെടുതികൾ ചായക്കടയിലേക്ക് പടരുന്നു :പാലായിൽ ഹോട്ടലുകൾ പൂട്ടി തുടങ്ങി :മിൽക്ക് ബാറിൽ കട്ടൻ ചായ കിട്ടില്ല
പാലാ :ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങളും വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യത കുറവും മൂലം സംസ്ഥാനത്തെ ഹോട്ടൽ മേഖല പ്രതിസന്ധിയിലായി. ഗ്യാസ് ലഭിക്കാത്തതിനാൽ നിരവധി ചെറിയ ഹോട്ടലുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിയതായി ഹോട്ടൽ ഉടമകൾ അറിയിച്ചു.
കേന്ദ്ര സർക്കാർ ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നതിനാൽ വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഹോട്ടൽ സംഘടനകൾ പറയുന്നത്. പല സ്ഥലങ്ങളിലും ഹോട്ടലുകൾക്ക് ആവശ്യമായ സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ പ്രവർത്തനം തുടരാൻ ബുദ്ധിമുട്ട് നേരിടുകയാണ്.
ചില ഹോട്ടലുകൾ മെനു ചുരുക്കിയും പരിമിതമായി പ്രവർത്തിക്കുമ്പോൾ, ചെറിയ ഭക്ഷണശാലകൾ താൽക്കാലികമായി അടച്ചിടേണ്ട സാഹചര്യമുണ്ടായതായും റിപ്പോർട്ടുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഹോട്ടൽ-റെസ്റ്റോറന്റ് സംഘടനകൾ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ യുദ്ധം പാലായിലേക്കും പടരുന്നു.ഗ്യാസിന്റെ ദൗർലഭ്യം മൂലം ഹോട്ടലുകൾ ഓരോന്നായി അടക്കുവാൻ ആരംഭിച്ചു .പാലായിൽ മദ്യം ലഭിക്കാത്ത ബാറായ മിൽക്ക് ബാറിൽ ചായേം കാപ്പീം മാത്രമേ കുടിക്കാനായി ലഭിക്കൂ.കട്ടൻ ചായ വേറെ ഉണ്ടാക്കേണ്ടതിനാൽ അവർ കട്ടൻ ഐറ്റം നിർത്തി വച്ചിരിക്കയാണ് .
പാലായിലെ മറ്റൊരു ഹോട്ടലായ കോമളം ഇന്ന് പൂട്ടി.എങ്കിലും നാളെ തുറക്കുമെന്ന് അറിയുന്നു .ഹോസ്റ്റലുകാർ രണ്ടു കുറ്റി ഗ്യാസ് കൊടുത്തത്രെ.വലിയ പാലത്തിനു സമീപമുള്ള അങ്കിൾസ് ഹോട്ടലും അടച്ചു .പുലിയന്നൂരുള്ള താര ഹോട്ടലും അടച്ചിട്ടുണ്ട്.നാളെ മുതൽ ചില ഹോസ്റ്റലുകളും അടക്കുവാൻ ഒരുങ്ങുന്നുണ്ട് .
ഗ്യാസ് ഏജൻസികളുടെ പ്രവർത്തികൾ സംശയമുളവാക്കുന്നതാണെന്നും കൃത്രിമ ക്ഷാമം ഉണ്ടാക്കി കൂടുതൽ പണം വാങ്ങാനുള്ള തന്ത്രമാണോ ഇതെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റ് പ്രസിഡണ്ട് ബേബി ഓമ്പള്ളി അഭിപ്രായപ്പെട്ടു .ഹോട്ടലുകൾ ഇല്ലെങ്കിൽ പാലായിലെ മറ്റു കച്ചവട സ്ഥാപനങ്ങളിലും കച്ചവടം നടക്കാത്ത സ്ഥിതിയിലാകുമെന്നും ,നികുതി വരുമാനം കുറയുമെന്നയും അധികാരികൾ ചിന്തിക്കേണ്ടതുണ്ടെന്നും ബേബി ഓമ്പള്ളി ചൂണ്ടിക്കാട്ടി.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ