Kerala

ഗുരുധർമ്മ പ്രചരണ സഭ എസ്.എൻ.ഡി.പി.യോഗത്തിൻ്റെ സമാന്തര സംഘടനയല്ല: സ്വാമി സച്ചിദാനന്ദ

Posted on

പാലാ: ശിവഗിരി മഠത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരുധർമ്മ പ്രചരണ സഭ എസ്.എൻ.ഡി.പി.യോഗത്തിൻ്റെ സമാന്തര സംഘടന അല്ലെന്ന് ശിവഗിരി മഠാധിപതി ഡോ. സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. അങ്ങനെയാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇനി അങ്ങനെയാണെങ്കിൽ അത് സ്ഥാപിച്ചത് ഗുരുവാണെന്ന് അവരോട് പറഞ്ഞു കൊടുക്കണം. സഭയ്ക്ക് ഇന്ന് 2500 ൽ അധികം യൂണിറ്റുകൾ ഉണ്ട്. കേരളത്തിലെ ഒരു സമുദായത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല സഭയുടെ പ്രവർത്തനം. നാനാജാതി മതസ്ഥരാണ് ഇന്ന് സഭയിൽ പ്രവർത്തിക്കുന്നത്. മുസ്ലീമായ വി.കെ.മുഹമ്മദാണ് സഭയുടെ ഉപദേശക സമിതി ചെയർമാനെന്നും സ്വാമികൾ പറഞ്ഞു.


ഗുരുധർമ്മ പ്രചരണ സഭ പാലാമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ഗുരുക്കന്മാരെല്ലാം ആത്മീയതയുടെ ദന്തഗോപുരത്തിലിരുന്ന് ആത്മീയമായി ഉയർത്താനാണ് ശ്രമിച്ചത്. ആത്മീയതയോടൊപ്പം ഭൗതികമായ പുരോഗതിയും സമൂഹത്തിനാവശ്യമാണെന്ന് മനസ്സിലാക്കി പ്രവർത്തിച്ചതാണ് ഗുരുദേവൻ്റെ മഹത്വം. അതുകൊണ്ടാണ് ആത്മീയരംഗത്ത് പ്രവർത്തിക്കുന്ന ശിവഗിരിയിലെ സ്വാമിമാർ ഭൗതിക ഉന്നമനത്തിന് നേതൃത്വം നൽകുന്നതും പിന്നാക്ക വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്നതിനു വേണ്ടി ശബ്ദിക്കുന്നതും.
ശ്രീനാരായണധർമ്മം സമഗ്രമായ പുരോഗതിക്കു വേണ്ടിയുള്ളതാണെന്ന് ശ്രീനാരായണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നവർ മനസ്സിലാക്കണം.
അദ്ധ്യാത്മനിഷ്ഠനായിരുന്ന് ലോകസേവ ചെയ്ത് ഗുരുദേവൻ അനുഗ്രഹിച്ചു. ഗുരു വ്യാപകമായി ദേശസഭകൾ സ്ഥാപിച്ച് പ്രവർത്തിച്ചു. പിന്നീട് ശിവഗിരി മഠം സ്ഥാപിച്ച് ധർമ്മസംഘത്തിനു രൂപം നൽകി. അതിൻ്റെ ഭാഗമായി ഗൃഹസ്ഥ ഭക്തന്മാരുടെ സംഘടനയായി സഭ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്തു.


ജീവിതത്തിന് പൂർണ്ണതയുണ്ടാവാൻ ഗുരുവിൻ്റെ അനുഗ്രഹം വേണം. ഗുരുദേവനെ ആരും അന്ധമായി ആരാധിക്കാൻ പാടില്ല. ഗുരുവിനെ അറിഞ്ഞ് ആരാധിക്കുവാൻ സാധിക്കണം. സമഗ്രമായ ജീവിതം പഠിക്കണം. കൃതികളെ ഗുരുവിൻ്റെ ജീവിതവുമായി ചേർത്തു പഠിക്കണം. ഗുരുവിൻ്റെ ജീവിതത്തെയും തത്വദർശനത്തെയും ചേർത്തുവച്ച് ശ്രദ്ധയോടെ കൂലംകഷമായി പഠിച്ച് ഗുരുസ്വരൂപത്തെ അറിയണം.
ഗുരു തന്നെയാണ് ദൈവം. ദൈവം തന്നെയാണ് ഗുരു. കാരണം രണ്ടും പ്രകാശ സ്വരൂപങ്ങൾ തന്നെയാണ്.
ഗുരുദേവനെ പരമഗുരുവായും പരമദൈവമായും കാണേണ്ടതു പോലെ കണ്ട് ആരാധന ചെയ്യാൻ സാധിക്കാതെ പോയതാണ് എസ്.എൻ.ഡി.പി.യോഗത്തിനും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും സംഭവിച്ചു പോയ ഏറ്റവും വലിയ അപരാധമെന്നും സ്വാമിജി പറഞ്ഞു. നമ്മൾ കണ്ണു തുറന്നാണിരിക്കുന്നത്. എന്നാൽ കാണേണ്ടതിനെ കാണേണ്ട പോലെ കണ്ട് കൈവണങ്ങാൻ ശ്രീനാരായണ സമൂഹത്തിനു കഴിയാതെ പോയതാണ് ഏറ്റവും വലിയ ന്യൂനത.
ഗുരു പരമമായ ദൈവമാണെന്ന ദൃഢബോധ്യത്തോടെ ഭജിക്കാനും ജീവിക്കുവാനും നാമോ രോരുത്തർക്കും സാധിക്കണമെന്നും സ്വാമികൾ പറഞ്ഞു.
ചെത്തിമറ്റം കരുണ ആയുർവേദാശുപത്രി ഹാളിൽ നടന്ന സമ്മേളനത്തിൽ സഭാ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല അദ്ധ്യക്ഷത വഹിച്ചു.


ഡോ. സച്ചിദാനന്ദ സ്വാമിക്ക് പാലാമണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികൾ നൽകി. മികച്ച പ്രവർത്തകനുള്ള അവാർഡ് ജേതാവ് ഷിബു മൂലേടം, കരൂർ ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട സജിനി ഷൈൻ എന്നിവർക്ക് സഭയുടെ ഉപഹാരം സ്വാമി സച്ചിദാനന്ദ നൽകി. യുവജനസഭ സംസ്ഥാന ചെയർമാൻ രാജേഷ് സഹദേവൻ, ജില്ലാ സെക്രട്ടറി സി.എം.വി ജയൻ, മാതൃസഭ പാലാ മണ്ഡലം പ്രസിഡൻ്റ് അമ്മിണി ഹരിഹരൻ, ഷിബു മൂലേടം, സജിനി ഷൈൻ എന്നിവർ സംസാരിച്ചു. സഭാ മണ്ഡലം വൈസ് പ്രസിഡൻ്റ് വി.കെ. ഹരിദാസ് സ്വാഗതവും ട്രഷറർ വി.എൻ. സജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version