Kerala

തേൻ കർഷകനായ പൂവേലിക്കൻ മാമച്ചന് “മംഗളത്തിന്റെ മികച്ച കർഷകൻ” പുരസ്കാരം

Posted on

കോട്ടയം:തേൻ കൃഷിയിൽ മാതൃകാപരമായ പ്രവർത്തനം നടത്തി ശ്രദ്ധേയനായ പാലായ്ക്കടുത്തുള്ള അല്ലപ്പാറ പൂവേലിക്കൻ മാമച്ചൻ (79) “മംഗളം ദിനപത്രത്തിന്റെ ഹണി കോമ്പ് എക്സലൻസ് അവാർഡ് 2026 ന് അർഹനായി. കൃഷി മേഖലയിൽ ദീർഘകാലം നടത്തിയ സമർപ്പിത സേവനവും തേൻ ഉത്പാദനത്തിൽ കൈവരിച്ച നേട്ടങ്ങളും പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.

മാർച്ച് 2 ന് മംഗളം ദിനപത്രം കോട്ടയത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ ബംഗാൾ ഗവർണ്ണർ ആനന്ദബോസ് അവാർഡ് സമ്മാനിക്കും. 30 വർഷങ്ങളായി തേൻ കൃഷി രംഗത്ത് തുടർച്ചയായി പ്രവർത്തിക്കുന്ന മാമച്ചൻ, നാടിന് മാതൃകയായ രീതിയിൽ ശുദ്ധവും ഗുണമേന്മയുള്ളതുമായ തേൻ ഉത്പാദിപ്പിക്കുന്നതിലൂടെ നിരവധി കർഷകർക്ക് പ്രചോദനമായി മാറിയിട്ടുണ്ട്.

തന്റെ പറമ്പിൽ തന്നേയുള്ള പാറക്കുളം വൃത്തിയാക്കി വെള്ളം മോട്ടോർ ഉപയോഗിച്ച് താഴെയുള്ള മീൻ കുളത്തിലേക്ക് സംഭരിച്ച് മീൻ വളർത്തലും ഇദ്ദേഹം നടത്തുന്നുണ്ട് .ഗൗരാമി ഇനത്തിൽപെട്ട മൽസ്യങ്ങളെയാണ് വളർത്തുന്നത് .കൂടാതെ ക്ഷീര കർഷകനായ മാമച്ചൻ രാവിലെ കറന്നെടുത്ത പാലുമായി സൊസൈറ്റി വാഹനത്തിൽ കൊടുത്തയക്കുന്നുണ്ട് .മാസാവസാനമാണ് സൊസൈറ്റി കണക്കു തീർക്കുന്നത് .ആടുവളർത്തലും കോഴി വളർത്തലും ഈ 79 കാരന് ഹരമാണ്.

പ്രാദേശിക കർഷക സമൂഹത്തോടൊപ്പം ചേർന്ന് കൃഷി പ്രോത്സാഹന പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന മാമച്ചൻ, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ലഭിക്കുന്ന ഈ മംഗളം പുരസ്കാരം നാടിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version