Kerala
വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന പരാതിയിൽ രാഷ്‌ട്രപതി ഭവൻ നടപടി തുടങ്ങി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന പരാതിയിൽ രാഷ്‌ട്രപതി ഭവൻ നടപടി തുടങ്ങി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർഎസ് ശശികുമാർ നൽകിയ പരാതി, മേൽനടപടികൾക്കായി രാഷ്‌ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.
വെള്ളാപ്പള്ളി നടേശന് ഉന്നത ബഹുമതി നൽകുന്നത് പുരസ്‌കാരത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പത്മ പുരസ്‌കാരങ്ങളെ വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഇത്തരമൊരാൾക്ക് പുരസ്കാരം നൽകുന്നത് നിലവിൽ പത്മ പുരസ്‌കാരം നേടിയവരോടുള്ള അനാദരവാണെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ഉന്നത ബഹുമതി നൽകുന്നത് ഉചിതമല്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു. നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങൾ ഗൗരവകരമായതിനാൽ, ഇവ കൃത്യമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രപതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച കത്തിന്റെ പകർപ്പ് രാഷ്ട്രപതി ഭവൻ പരാതിക്കാരനായ ആർ.എസ്. ശശികുമാറിന് അയച്ചുകൊടുത്തു. പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതും, നൽകുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായതിനാലാണ് പരാതി അവിടേക്ക് കൈമാറിയത്.