Kerala
എല്ലാവരോടും പറഞ്ഞു നോക്കി’, രക്ഷയില്ലെന്ന് കണ്ടപ്പോള്‍ നടുറോഡില്‍ വീട്ടമ്മയുടെ നിസ്കാരം
പാലക്കാട്: നഗരത്തിരക്കില്‍ നടുറോഡില്‍ നിസ്കാരവുമായി വീട്ടമ്മ. ഉച്ചയ്ക്ക് 12.30നാണ് നഗരത്തിലെ തിരക്കേറിയതും ഗതാഗതക്കുരുക്കുള്ളതുമായ ഐഎംഎ ജങ്ഷനില്‍ ഒരു സ്ത്രീ നിസ്കാര പായ വിരിച്ച് നിസ്കാരം തുടങ്ങുകയായിരുന്നു. കോയമ്പത്തൂര്‍ കുനിയമുത്തൂരില്‍ താമസിക്കുന്ന കൊല്ലങ്കോട് നണ്ടങ്കിഴായ സ്വദേശി അനീസുമ്മയാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത്.
നടുറോഡില്‍ നിസ്കാരം തുടങ്ങിയതോടെ റോഡില്‍ ബ്ലോക്കായി. സംഭവമെന്തെന്നറിയാതെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും. മരിച്ചു പോയ ഭര്‍ത്താവിന്റെ പേരിലുള്ള എട്ട് സെന്റ് പുരയിടം അദ്ദേഹത്തിന്റെ സഹോദരന്മാര് തനിക്ക് വീതം നല്‍കാതെ തട്ടിയെടുത്തതാണ് പ്രതിഷേധത്തിന് കാരണം. വില്ലേജിലും പഞ്ചായത്തിലും രാഷ്ട്രീയക്കാരോടും ഒക്കെ പറഞ്ഞുനോക്കി. രക്ഷയില്ലെന്ന് കണ്ടാണ് അനീസുമ്മ അറ്റകൈ പ്രയോഗവുമായി നടുറോഡിലിറങ്ങിയത്.
പൊലീസെത്തി അനുനയിപ്പിച്ച് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ഇവരുടെ ബന്ധുക്കളോട് വരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് പൊലീസ്. ഒപ്പമുണ്ടായിരുന്ന സഹോദരന് കടയിലേയ്ക്കോ മറ്റോ പോയപ്പോഴാണ് അനീസുമ്മ പ്രതിഷേധ നിസ്കാരം തുടങ്ങിയത്.