Kerala
അവനോടൊപ്പം,അവനോടൊന്നിച്ച് “ഓർമ്മക്കൂട്ടിൽ” അവർ വീണ്ടും ഒന്നിച്ചു
പാലാ സെൻ്റ് തോമസ് ഹൈസ്കൂൾ 1985-86 SSLC ബാച്ച് ഓർമ്മക്കൂടിൻ്റെ ഈ വർഷത്തെ ഒത്തു ചേരൽ കൂട്ടുകാർക്ക് വ്യത്യസ്താനുഭവമായി. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം തങ്ങളുടെ ഒരു സഹപാഠിക്ക് ഇതിന് മുമ്പ് നടന്ന കൂട്ടായ്മകളിൽ പങ്കെടുക്കുവാൻ മുൻ വർഷങ്ങളിൽ സാധിച്ചിരുന്നില്ല. ഇപ്പോൾ അദ്ദേഹം താമസിക്കുന്ന പാലാ സെൻ്റ് വിൻസൻ്റ് പ്രൊവിഡൻസ് ഹൗസ് വൃദ്ധ മന്ദിരത്തിലാണ് ഇത്തവണ ആറാമത്തെ യോഗം നടന്നത്. “അവനോടൊപ്പം-അവനോടൊന്നിച്ച്” ഓർമ്മ കൂട്ടിലെ കൂടി ചേരൽ എല്ലാവർക്കും നവ്യാനുഭവമായി. ഭവനത്തിലെ അന്തേവാസികളോടും , സിസ്റ്റർമാരോടുമൊപ്പം കേക്ക് മുറിച്ചും സ്നേഹവിരുന്നും കലാപരിപാടിളുമായി എല്ലാവരും സന്തോഷങ്ങൾ പങ്കുവച്ചു. മന്ദിരത്തിലെ അന്തേവാസികൾക്കെല്ലാം ഓർമ്മ കൂടിൻ്റെ സ്നേഹ സമ്മാനങ്ങൾ നൽകി. ഒത്തു ചേരലിനു വേണ്ടി മാത്രം വിദേശത്ത് നിന്ന് വരെ ആളുകൾ എത്തിചേർന്നു.
എല്ലാ വർഷവും പത്താം ക്ലാസ് പാസ്സായി വരുന്ന സഹപാഠികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം നടത്തി. കൂടാതെ മാതൃസ്കൂളിലെ 5 മുതൽ 10 വരെയുള്ള മലയാളം – ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും ഓർമ്മക്കൂടിൻ്റെ പേരിൽ സ്കോളർഷിപ്പുകൾ നൽകി വരുന്നു. പഴയ സഹപാഠികൾക്ക് ചികിത്സാ സഹായങ്ങൾ ഉൾപ്പെടെ എല്ലാവരെയും ചേർത്തു നിർത്തുന്ന പ്രവർത്തനങ്ങളുമായാണ് സംഘടന മുന്നോട്ട് പോകുന്നത്. നാല്പത് വർഷം മുമ്പുള്ള പത്താം ക്ലാസ്സിലെ കൂട്ടുകാരനെ തേടി വന്ന “ഓർമ്മക്കൂട്” പേര് പോലെ തന്നെ അതിൻ്റെ പ്രവർത്തനങ്ങൾ ഹൃദയത്തിൽ നിന്ന് വരുന്നതും മാതൃകാപരവും, വരുന്ന തലമുറയ്ക്കും,സമൂഹത്തിനും നല്ല സന്ദേശമാണ് നല്കുന്നതെന്നും യോഗം ഉദ്ഘാടനം ചെയ്ത പാലാ DYSP കെ.സദൻ പറഞ്ഞു.
ഓർമ്മക്കൂട് പ്രസിഡൻ്റ് സാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ സുപ്പീരിയറായ സിസ്റ്റർ അമല അറയ്ക്കൽ SD , ഓർമ്മക്കൂട് സെക്രട്ടറി പ്രകാശ് ബി.നായർ,ട്രഷറർ ജേക്കബ് പുതുമന, ഭാരവാഹികളായ, പി.എസ്.സി അംഗം ഡൊ.ശ്രീകുമാർ എസ്, എസ്.ഐ. സുരേഷ് കുമാർ ബി, ജിമ്മി ജോസഫ്,പ്രസാദ് കുമാർ കെ.എസ്, സാം മാത്യു, രാധാകൃഷ്ണൻ എസ്, അനിൽകുമാർ കെ. ബി, ഷാജി എം.സ്, എന്നിവർ പ്രസംഗിച്ചു.