Kerala

കേരളത്തെ നടുക്കിയ കൗമാരക്കാരുടെ കൂട്ടമരണം. 4 വിദ്യാർത്ഥികൾ ജീവിതം അവസാനിപ്പിച്ചു, വിറങ്ങലിച്ച് നാട്

Posted on

 

കേരളം: നാളെയുടെ വാഗ്ദാനങ്ങളാകേണ്ട 4 കുരുന്നുകൾ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ജീവിതം അവസാനിപ്പിച്ചു എന്ന വാർത്തയുടെ നടുക്കത്തിലാണ് കേരളം. തിരുവനന്തപുരത്തും, പത്തനംതിട്ടയിലും പാലക്കാട്ടുമായി നടന്ന ഈ വേർപാടുകൾ നോവാകുകയാണ്.വീടിന്റെ ഉമ്മറത്തും ഹോസ്റ്റൽ മുറികളിലും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് മരണവാർത്ത എത്തിയപ്പോൾ തകർന്നുപോയത് 4 കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്.

ആറ്റിങ്ങലിൽ ഇളമ്പ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി സിദ്ധാർത്ഥ് (17) തന്റെ കിടപ്പുമുറിയിൽ ജീവിതം അവസാനിപ്പിച്ചു. ആ കസേരയും പുസ്തകങ്ങളും ബാക്കിയാക്കി സിദ്ധാർത്ഥ് മടങ്ങുമ്പോൾ ഒരു നാട് മുഴുവൻ തേങ്ങുകയാണ്..ബാലരാമപുരത്ത് സ്കൂളിൽ നിന്ന് പാറിപ്പറന്ന് വീട്ടിലെത്തിയ അജയ് (15) എന്ന പത്താം ക്ലാസ്സുകാരൻ നിമിഷങ്ങൾക്കുള്ളിലാണ് മരണത്തിന് കീഴടങ്ങിയത്. ജേക്കബ്, അജിത ദമ്പതികളുടെ മകന്റെ അപ്രതീക്ഷിത വേർപാട് ഇന്നും ആ വീട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല.

പത്തനംതിട്ട തെള്ളിയൂരിൽ പ്ലസ്ടു വിദ്യാർത്ഥി ആരോമലിന്റെ മരണം ഏറെ വേദനാജനകമാണ്. സ്കൂൾ വാർഷികാഘോഷത്തിന്റെ സന്തോഷങ്ങൾക്കിടയിൽ അധ്യാപകരുടെ ശാസനയേറ്റതിലുള്ള മനോവിഷമമാണോ ആരോമലിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് നാടൊന്നാകെ സംശയിക്കുന്നു..പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിലെ നിശബ്ദതയിൽ രുദ്ര രാജേഷ് (16) എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ജീവൻ പൊലിഞ്ഞു.കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തിൽ ഹോസ്റ്റൽ മുറിയിലെ നാല് ചുവരുകൾക്കുള്ളിൽ ആ പെൺകുട്ടി എരിഞ്ഞടങ്ങി.

തങ്ങളുടെ മക്കൾ എന്തിനാണ് ഇത്ര പെട്ടെന്ന് യാത്ര പറഞ്ഞു പോയതെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഈ മാതാപിതാക്കൾ. കൗമാരപ്രായത്തിലെ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും വലിയ തീരുമാനങ്ങളിലേക്ക് എത്തുമ്പോൾ നഷ്ടപ്പെടുന്നത് ഒരു നാടിന്റെ തന്നെ പ്രതീക്ഷകളാണ്…

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version