Kerala
വരുമോ ..വരാതിരിക്കില്ല ..വരാതെ എവിടെ പോകാനാ …മാണി ഗ്രൂപ്പിന്റെ നിർണ്ണായക യോഗം ഇന്ന് കോട്ടയത്ത്
കോട്ടയം :കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റ പ്രശ്നങ്ങൾ സജീവ ചർച്ചയായിരിക്കെ , പാർട്ടിയുടെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് നടക്കും. മുന്നണിമാറ്റ ചർച്ചകൾക്കിടെയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിര്‍ണായക യോഗം നടക്കുന്നത്.സുന്ദരിയായൊരു പെണ്ണിനെ ആരും മോഹിക്കും എന്ന കെ എം മാണിയുടെ വാക്കുകളാണ് ഇപ്പോൾ ഓർമ്മ വരുന്നത് .മാണി ഗ്രൂപ്പ് മുന്നണി വിട്ട കാലത്തേ വാക്കുകളായിരുന്നു അത് .
ആരൊക്കെ യോഗത്തിൽ പങ്കെടുക്കും എന്നതിലും കൗതുകം നിലനിൽക്കുന്നുണ്ട്. നിലവിൽ ഉയരുന്ന മുന്നണി മാറ്റ ചർച്ചകൾ സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം ജോസ് കെ മാണി മുന്നണി മാറ്റ ചർച്ചകളെ തള്ളിയെങ്കിലും അണികൾക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്. മുന്നണി മാറിയാൽ റോഷി അഗസ്റ്റ്യൻ അടക്കം മുഴുവൻ ആളുകളെയും ഒന്നിച്ച് യുഡിഎഫിൽ എത്തിക്കാനാണ് പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നത്. ജില്ലാ കമ്മിറ്റികളെയെല്ലാം ഒപ്പം നിർത്താനുള്ള നീക്കങ്ങളും തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം കൂടിയാണ് നടക്കുന്നത്.
കോട്ടയം ജില്ല പ്രസിഡണ്ട് ലോപ്പസ് മാത്യുവിന് യു ഡി എഫിൽ പോകണമെന്ന് താൽപ്പര്യം ഉണ്ടെങ്കിലും താൽപ്പര്യമില്ലാത്ത ജില്ലാ പ്രസിഡന്റുമാരും ഉണ്ട് .ജലവിഭവ വകുപ്പിന്റെ മന്ത്രിയാണ് റോഷി അഗസ്റ്റിൻ എങ്കിലും ആ വകുപ്പിലെ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ആ വകുപ്പിലെ സി ഐ ടി യു യൂണിയനാണ് .ആ വകുപ്പിൽ തന്നെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫായി സിപിഎം കാരുണ്ട് താനും .ഘടക കക്ഷികളുടെ വകുപ്പുകളിൽ എന്ത് തീരുമാനമെടുത്താലും അത് വൈകിട്ട് മുഖ്യമന്ത്രിയെ അറിയിക്കണമെന്ന നിബന്ധന ഉള്ളതായും റിപ്പോർട്ടുകൾ ഉണ്ട് .അതുകൊണ്ടു തന്നെ ഘടക കക്ഷി മന്ത്രിമാരെല്ലാം ഖിന്നരാണ് .കോവൂർ കുഞ്ഞുമോനെ കാണുന്നത് പോലെയാണ് ഘടക കക്ഷി മന്ത്രി മാരെ കാണുന്നതെന്നും റിപ്പോർട്ടുണ്ട് .
അതേസമയം മാണീ ഗ്രൂപ്പ് വരുന്നതിൽ ജോസഫ് വിഭാഗം അസ്വസ്ഥരാണ്.1982 ൽ മാണി വിഭാഗം എൽ ഡി എഫ് വിട്ട് യു ഡി എഫിൽ എത്തിയത് മുതലാണ് ജോസഫ് ഗ്രൂപ്പ് യു ഡി എഫുമായി ഇടയാൻ തുടങ്ങിയത്.അന്ന് സീറ്റ് വിഭജനത്തിൽ മാണി ഗ്രൂപ്പിന് മേൽകൈ വന്നത് ജോസഫിനെ ചൊടിപ്പിച്ചിരുന്നു .അന്ന് ജോസഫ് വിഭാഗത്തിന് 11 സീറ്റും ;മാണി വിഭാഗത്തിന് 15 സീറ്റുമാണ് മത്സരിക്കാനായി നൽകിയത്.മുന്നണി വിടാനായി എ ഐ സി സി സെക്രട്ടറി കറുപ്പയ്യ മൂപ്പനാർ നൽകിയ ഓഫർ 22 സീറ്റാണെന്നു കെ എം മാണി വാദിച്ചെങ്കിലും 15 സീറ്റിൽ ഒതുക്കുകയായിരുന്നു .
അന്ന് പത്രത്തിൽ വന്ന ഓട്ടൻ തുള്ളൽ കാർട്ടൂൺ ശ്രദ്ധേയമായിരുന്നു.കല്യാണ സൗഗന്ധികം തേടി പോകുന്ന കരുണാകരന് മുന്നിൽ കെ എം മാണി വിലങ്ങി കിടന്നപ്പോൾ ; നോക്കടാ നമ്മുടെ മാർഗേ കിടക്കുന്ന; മാർക്കടാ നീയങ്ങു മാറിക്കെടാശെടാ എന്ന് കരുണാകരൻ പറയുമ്പോൾ മൂപ്പനാരായുള്ള മൂപ്പൻ വരട്ടെടോ മൂപ്പന്റെ കത്തിലെ സീറ്റ് തരിനെടോ എന്ന് കെ എം മാണിയും പറയുന്നത് അക്കാലത്ത് വൻ ചർച്ചയായിരുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ