Kerala

പി എം മാത്യുവും;മാത്യു സ്റ്റീഫനും ; ടി എം ജേക്കബ്ബും ഒന്നിച്ചുള്ള അമേരിക്കൻ ടൂറിലാണ് ജേക്കബ്ബ് ഗ്രൂപ്പ് ജന്മ കൊണ്ടത്

Posted on

കോട്ടയം :കേരളാ കോൺഗ്രസിലെ പിളർപ്പ് രാഷ്ട്രീയത്തിന്റെ ഇര ആയിരുന്നു പി എം മാത്യു എന്ന മുൻ എം എൽ എ .ഒരു കാലത്ത് കേരളാ രാഷ്ട്രീയത്തിലെ ഉജ്ജ്വല വാഗ്മിയുമായിരുന്നു പി എം മാത്യു.1979 ൽ കെ എം മാണിയുടെ തെരെഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി ശരി വച്ചിരുന്നു.കേരളാ ഹൈക്കോടതിയുടെ തെരെഞ്ഞെടുപ്പ് അസാധു ആക്കികൊണ്ടുള്ള നടപടിയാണ് സുപ്രീം കോടതി അസാധുവാക്കി ,തെരെഞ്ഞെടുപ്പ് ശരി വച്ചത് .

കെ എം മാണി എന്ന രാഷ്ട്രീയ നേതാവിന്റെ ഭാവി തന്നെ അപകടത്തിലാക്കിയ ഹൈക്കോടതി വിധി വന്നപ്പോൾ കേരളാ കോൺഗ്രസ് കേന്ദ്രങ്ങൾ മ്ലാന വദനരായി .എന്നാൽ സുപ്രീം കോടതി തെരെഞ്ഞെടുപ്പ് അംഗീകരിച്ചപ്പോൾ കേരളാ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദത്തിലായി  .പാലായിലും അതിന്റെ അനുരണനങ്ങളുണ്ടായി .പ്രവർത്തകർ പാലാ കുരിശുപള്ളി കവലയിൽ കുട്ടപ്പായി സാറിന്റെ നേതൃത്വത്തിൽ ആനന്ദ നൃത്തം ചെയ്തു.

ഇന്ന് എംപ്ലോയിസ് സംഘം ഹാൾ ഇരിക്കുന്ന സ്ഥലത്ത് പാപ്പൻ ചേട്ടന്റെ പട്ടക്കട ഉണ്ടായിരുന്നു .അന്ന് പട്ടക്കടയിൽ ഏറ്റവും ചിലവ് കൂടിയ ദിവസവും ആയിരുന്നു .മീനച്ചിലാറെ  കേഴേണ്ട ,മണര്കാട്ട് പാപ്പനെ തന്നേക്കാം എന്നവർ അലറി വിളിച്ചു.പാലാ മഹാറാണിക്ക്  ചുറ്റും കേന്ദ്രീകരിച്ച പാപ്പൻ അനുയായികൾ രോക്ഷം കൊണ്ടു. അവർ പറഞ്ഞു കാപ്പി പത്തല് മുതുകത്ത് കേറേണ്ടെങ്കിൽ എല്ലാവനും വീട്ടിൽ പൊക്കോ.മീനച്ചിലാറ്റിൽ പോകുന്നത് ആരാണെന്നു കാണിച്ചു തരാം.പിൽക്കാലത്ത് മണീ ഗ്രൂപ്പ് പ്രകടനം ഹോട്ടൽ മഹാറാണിയുടെ മുന്നിൽ വന്നപ്പോൾ പ്രവർത്തകർ ആർത്തു വിളിച്ചു പാപ്പാ ..പീ പ്പീ ..പോ പോപ്പോ പോപ്പോ .അതിനു മറുപടിയായി പാലാ മഹാറാണിയിൽ നിന്നും വന്നത് കാട്ട്  കല്ലുകളായിരുന്നു .കുറെ പ്രവർത്തകർ അന്ന് കല്ലിന്റെ രുചി അറിഞ്ഞു .

പിറ്റേ ദിവസം കെ എം മാണിക്ക് പാലാ സെന്റ് തോമസ് ഹൈ സ്‌കൂൾ മൈതാനത്ത് ഗംഭീര സ്വീകരണം നൽകി.പാലാ കണ്ട ഗംഭീര പ്രകടനങ്ങളിൽ ഒന്നായിരുന്നു അത് .ഓല മടലിലെ ഓല ചെത്തി കളഞ്ഞു ഈർക്കിലിയിൽ ചുവപ്പും ;വെള്ളയും തോരണം ഒട്ടിച്ച് പ്രവർത്തകർ ചെണ്ട മേളത്തോടൊപ്പം തുള്ളിച്ചാടുന്നത് അക്കാലത്തെ കാഴ്ചയായിരുന്നു.കെ എം മാണിയുടെ പ്രസംഗത്തിന് മുൻപ് അന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പി എം മാത്യു ആയിരുന്നു പ്രസംഗിച്ചത് .പ്രസംഗം തുടങ്ങുന്നതിനു മുൻപേ കുട്ടപ്പായി സാർ പറഞ്ഞു കലക്കിക്കൊ .

പിന്നെയൊരു പ്രസംഗമായിരുന്നു മലവെള്ളപ്പാച്ചിൽ പോലെ .പ്രവർത്തകർ ആർത്തട്ടഹസിച്ചപ്പോൾ പലരും വേദിയിൽ ചാടി കയറി നേതാക്കളുടെ കാലിൽ തൊടാനും കെട്ടി പിടിക്കാനും ഒക്കെ തുടങ്ങി .പോലീസ് ഒരു വിധത്തിലാണ് പ്രവർത്തകരെ ശാന്തരാക്കിയത് .പലർക്കും ലാത്തിയടിയും കിട്ടി .കെ എം മാണി സിന്ദാബാദ് എന്ന് അലറി വിളിച്ച ഒരു പ്രവർത്തനിട്ട്  ലാത്തിയടി കിട്ടിയപ്പോൾ അയാൾ അയ്യോ എന്ന് വിളിച്ച് സ്റ്റേജിൽ നിന്നും ചാടിയോടിയത് നേതാക്കളിലും ചിരി പടർത്തി .

കുറെ പട്ട കുപ്പി വിറ്റ  കാശുമായി കെ എം മാണിയെ അങ്ങ് തീർത്തു കളയാം എന്ന് വിചാരിച്ച് പാലായിൽ നിന്നും ഒരുത്തൻ അങ്ങ് ഡൽഹിയിൽ പോയി പട്ടി ചന്തയ്ക്കു പോയ പോലെ തിരിച്ചു വന്ന കാര്യം പട്ട കുപ്പി പോലെ മെലിഞ്ഞ ഞാൻ തന്നെ പറയാം എന്ന് പറഞ്ഞാണ് പി എം മാത്യു അന്ന് പ്രസംഗം പാലാ സെന്റ് തോമസ് ഹൈസ്‌കൂൾ മൈതാനത്ത് ആരംഭിച്ചത് തന്നെ.പിന്നീട് അദ്ദേഹം 1991 ൽ കടുത്തുരുത്തിയിൽ നിന്നും എം എൽ എ ആയി.അന്ന് മാണി ഗ്രൂപ്പിലായിരുന്ന മന്ത്രി ടി എം ജേക്കബ്ബിനോടൊപ്പം ഒരു അമേരിക്കൻ ടൂറിനു പോയപ്പോഴാണ് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് പിളരുന്നത്  .അന്ന് മന്ത്രി ആയിരുന്ന ടി എം ജേക്കബ്ബ് മാത്യു സ്റ്റീഫനെയും ,പി എം മാത്യു വിനേയും കൂട്ടി അമേരിക്കയിൽ പോയി തിരിച്ചു വന്നു ഒരു മാസത്തിനുള്ളിൽ കേരള കോൺഗ്രസ് ജേക്കബ്ബ് രൂപീരിച്ചു .പി എം മാത്യു അതിന്റെ ആദ്യ ചെയർമാനുമായി .അന്നാണ് കെ എം മാണി ടി എം ജേക്കബ്ബിനെ ഇത്തിൾകണ്ണി എന്ന് വിളിച്ചത് .ടി എം ജേക്കബ്ബ്  അക്കേഷ്യ എന്ന് തിരിച്ചും വിളിച്ചു .

അന്ന് ജേക്കബ്ബ് ഗ്രൂപ്പിന്റെ ആദ്യ പ്രകടനത്തിൽ പങ്കെടുക്കുന്നതിന് 300 രൂപയാണ് നൽകിയിരുന്നത് .വയറു നിറയെ മദ്യവും ലഭിച്ചപ്പോൾ ആൾക്കാർ റെഡിയായി .അന്ന് കൂലി പണിക്കു 100 രൂപയായിരുന്നു കൂലി.300 രൂപയും ഭക്ഷണവും മദ്യവും കിട്ടിയപ്പോൾ പല ബസ്സുകളിലും ആൾക്കാർ ഇടിച്ചു കയറി .തുടർന്ന് പി എം മാത്യു കോൺഗ്രസിൽ എത്തുകയും .പിന്നീട്  വീണ്ടും മാണി ഗ്രൂപ്പിലും ;നാഷണൽ ഫാർമേഴ്‌സ് പാർട്ടിയിലും ഒക്കെ എത്തി അവിടെയൊക്കെ നേതാവുമായി .വിശ്രമ ജീവിത കാലത്ത് അദ്ദേഹം പറഞ്ഞു കേരളാ കോൺഗ്രസിന്റെ പ്രസക്തി നഷ്ട്ടപ്പെട്ടു .പല പാർട്ടിയിലും പ്രവർത്തിച്ചിട്ടും എങ്ങും എത്താതെ പോയ ഒരു രാഷ്ട്രീയക്കാരന്റെ നിരാശയിൽ നിന്നും ഉയർന്ന വാക്കുകളായിരുന്നു അത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version