Kottayam
മായാ രാഹുൽ പാലാ നഗരസഭ ഉപാദ്ധ്യക്ഷയായി തെരെഞ്ഞെടുക്കപ്പെട്ടു
പാലാ: മന്ത്രമോതിരം ,മായ മോതിരം ,ഇന്ദ്രജാല കല്ല് മോതിരം എന്ന പഴയ സിനിമാഗാനം പോലെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. യു.ഡി.എഫിലെ സ്വതന്ത്ര അംഗം മായാ രാഹുൽ പാലാ നഗരസഭയുടെ വൈസ് ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു. കേരളാ കോൺഗ്രസ് എമ്മിലെ ബിജു പാലൂപ്പടവനെയാണ് മായമ്മ 14. – 12 ന് തോൽപ്പിച്ചത്.
രാവിലെ നടന്ന ചെയർപേഴ്സൻ തെരെഞ്ഞെടുപ്പിലെ അതെ വോട്ടിംഗ് നിലയിലാണ് മായാ രാഹുൽ തെരെഞ്ഞെടുക്കപ്പെട്ടത്. പത്തൊൻപതാം വാർഡിൽ നിന്നും കോൺഗ്രസിലെ മുതിർന്ന നേതാവ് സതീഷ് ചൊള്ളാനിയെയാണ് ഇവർ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ടേമിലെ ശക്തമായ പ്രവർത്തനങ്ങളാണ് ഇവരെ ശ്രദ്ധേയ ആക്കിയത് .മായാ രാഹുലും ,സിജി ടോണിയും ചേർന്നുള്ള ആക്രമണങ്ങൾ തെല്ലൊന്നുമല്ല അന്നത്തെ ഭരണപക്ഷത്തെ വെള്ളം കുടിപ്പിച്ചിട്ടുള്ളത്. മീശ മാധവൻ ആരെ നോക്കി മീശ പിരിച്ചാലും അന്ന് വൈകുന്നേരത്തിനുള്ളിൽ ആ വീട്ടിൽ നിന്നും ഒരു കിണ്ടിയെങ്കിലും മോഷണം പോകും എന്ന സിനിമാ ചൊല്ല് പോലെ മായമ്മ ആരെ നോക്കി കണ്ണാടി ഊരി കലിപ്പിൽ തിരിച്ചു വച്ചാലും അയാൾക്ക് അന്നത്തെ കൗൺസിലിൽ കഷ്ടകാലമാണെന്ന് ഒരു നഗരസഭാ ചൊല്ല് തന്നെ നിലവിലുണ്ടായിരുന്നു.
തങ്കച്ചൻ പാലി’
കോട്ടയം മീഡിയ