Kottayam

ക്രിസ്തുമസ് വേളയിലെ ക്രൈസ്തവ പീഡന പരമ്പര ആസൂത്രിതം : ജോസ് കെ മാണി

Posted on

കോട്ടയം : ക്രിസ്മസ് വേളയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുള്ളിലടക്കം നടന്ന ക്രൈസ്തവക്കെതിരായ അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും സംഘപരിവാർ സംഘടനകളുടെ അജണ്ടയുടെ ഭാഗമാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.മധ്യപ്രദേശിലെ ജബൽപൂരിൽ പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി കാഴ്ച ശക്തിയില്ലാത്ത ഒരു വിശ്വാസിയായ ഒരു സ്ത്രീയെ ശാരീരികമായി ആക്രമിക്കുന്നത് ബിജെപിയുടെ വൈസ് പ്രസിഡണ്ടായ ഒരു വനിതയാണ്.ഡൽഹിയിലെ ആരാധനാലയത്തിനുള്ളിൽ പ്രധാന പ്രാർത്ഥന സ്ഥലത്തെത്തി വർഗീയവാദികൾ ക്രിസ്തു നിന്ദ നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

കേരളത്തിൽ പാലക്കാട്ട് കരോൾ സംഘത്തിന് നേരെയും ആക്രമണമുണ്ടായി.ഉത്തരേന്ത്യയിലെമ്പാടും ക്രിസ്മസ് ചിഹ്നങ്ങൾ തെരുവിൽ വിൽക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ മലയാളി കന്യാസ്ത്രീകളായ സി.പ്രീതി മേരി, സി.വന്ദന ഫ്രാൻസിസ് എന്നിവരെ ആക്രമിക്കുന്നതിന് നേതൃത്വം കൊടുത്തത് ജ്യോതി ശർമ എന്ന ബജരംഗദൾ വനിതാ നേതാവാണ്.തീവ്ര വർഗീയത മുഖമുദ്രയാക്കിയവർ വനിതകളെ മുൻനിർത്തിയാണ് ക്രൈസ്തവ സമൂഹത്തിന് നേരെ ഉത്തരേന്ത്യയിൽ പലഭാഗങ്ങളിലും ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന ആരാധനാസ്വാതന്ത്ര്യം അപകടത്തിലാക്കുന്ന സാഹചര്യമാണ് ചിലർ സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂനപക്ഷ പ്രീണനം പൊയ്മുഖവും മതന്യൂനപക്ഷ പീഡനം മുഖമുദ്രയുമാക്കിയാണ് കേരളത്തിൽ ഇവർ പ്രവർത്തിക്കുന്നത്.ക്രിസ്മസ് ദിനങ്ങളെ ഭീഷണിയുടെ നിഴലിലാക്കിയവരെ വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും ജാഗ്രത പുലർത്തേണ്ട നാളുകളാണ് മുന്നിലുള്ളതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version