Kerala
വിദേശ ഫലവൃക്ഷ കൃഷി വ്യാവസായികാടിസ്ഥാനത്തിലാവണം:അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ
പാലാ : വിപണി ലക്ഷ്യം വെച്ചും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിയും വ്യാവസായിക അടിസ്ഥാനത്തിലേക്ക് കൃഷിമാറേണ്ടതുണ്ടന്നും നൂതന സാങ്കേതികവിദ്യകളും യന്ത്രവൽക്കരണവും കാർഷിക രംഗത്ത് അനിവാര്യമാണന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. വിദേശ ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്ന ചെറുകിട ,നാമമാത്ര കർഷകർ ഒറ്റയ്ക്കു നിൽക്കുന്നതിനു പകരം കൂട്ടായ്മയിലധിഷ്ടിതമായ സംഘടിത മുന്നേറ്റത്തിന് തയ്യാറാകണമെന്നും ഈ രംഗത്ത് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഇടപെടൽ മാതൃകാപരമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
നബാർഡിൻ്റെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച റമ്പുട്ടാൻ, മാംഗോസ്റ്റിൻ, അവക്കാഡെ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിദേശ ഫലവൃക്ഷ കർഷകരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടന്ന സമ്മേളനത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് സി, നബാർഡ് ഡപ്യൂട്ടി ജനറൽ മാനേജർ റെജി വർഗീസ്, പി. എസ്.ഡബ്ലിയു.എസ് അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, പ്രോജക്ട് ഓഫീസർമാരായ പി. വി. ജോർജ് പുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു .
വിദേശ ഫല വൃക്ഷങ്ങളുടെ ശാസത്രീയ കൃഷിയും പരിചരണ മാർഗ്ഗങ്ങളും സംബന്ധിച്ച് കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫസർ ഡോ. സരോജ് കുമാർ,വിദേശ പഴ വർഗ്ഗങ്ങളുടെ മാർക്കറ്റിങ്ങ് സാധ്യതകളെ കുറിച്ച് തൊടുപുഴ ഫ്രൂട്ട് വാലി എഫ്.പി.ഒ ജനറൽ മാനേജർ ബിനു ബേബി,
കേരളാ സ്റ്റാർട്ടപ് മിഷൻ്റെ അഗ്രിനെക്സ്റ്റ് പ്രോജക്ടിനെ കുറിച്ച് ടെക്നിക്കൽ ഓഫീസർ ശ്രീബാല അജിത്, ലോകബാങ്ക് സഹായത്തോടെ എഫ്.പി. ഒ മേഖലയിൽ നടപ്പാക്കുന്ന കേര പ്രോജക്ടിനെ സംബന്ധിച്ച് കൃഷി വകുപ്പ് കേര പ്രോജക്ട് ഡപ്യൂട്ടി ഡയറക്ടർ
സിന്ദു കെ മാത്യു തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.
ഷീബാ ബെന്നി, സൗമ്യാ ജയിംസ് ക്ലാരിസ് ചെറിയാൻ, ടോണി സണ്ണി, ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ, ജിജി സിൻ്റോ , അലീനാ ജോസഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. റംബുട്ടാൻ മരത്തിന് വലയിടുന്നതിനുള്ള പ്രായോഗിക പരിശീലനവും സമ്മേളനാനന്തരം നടന്നു.