Kerala
പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ.; വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് പൊങ്കാല:കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിൽ നാളെ അവധി
ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് പൊങ്കാല. വ്യാഴാഴ്ച പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കെടാ വിളക്കിലേക്ക് ദീപം പകരും. ശേഷം നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
പൊങ്കാല ദിനമായ ഡിസംബര്‍ നാലിന് (വ്യാഴം) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍ ഉത്തരവായി. തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായും വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷയ്ക്ക് അവധി ബാധകമല്ല.