Kerala
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തീർത്ഥാടനം ആരംഭിച്ച് രണ്ടാഴ്ച്ച തികയുമ്പോള്‍ ദര്‍ശനം നടത്തിയത് 12 ലക്ഷത്തോളം തീർത്ഥാടകര്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തീർത്ഥാടനം ആരംഭിച്ച് രണ്ടാഴ്ച്ച തികയുമ്പോള്‍ ദര്‍ശനം നടത്തിയത് 12 ലക്ഷത്തോളം തീർത്ഥാടകര്‍. നവംബര്‍ 16 മുതല്‍ 29 വൈകിട്ട് ഏഴ് വരെ ദര്‍ശനം നടത്തിയത് 11,89088 തീർത്ഥാടകരാണ്. ശനിയാഴ്ച്ച താരതമ്യേനെ തിരക്ക് കുറവായിരുന്നു. പുലര്‍ച്ചെ 12 മുതല്‍ വൈകിട്ട് ഏഴു വരെ 61,190 പേര്‍ മല കയറി. സുഗമദര്‍ശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീർത്ഥാടകര്‍ മലയിറങ്ങുന്നത്.
അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ എത്തുന്നതിനാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ വിപുലീകരിച്ചു. പമ്പ കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി ബസ് കോയമ്പത്തൂരില്‍ നിന്ന് രാത്രി 9:30 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9 മണിക്ക് പമ്പയില്‍ നിന്ന് മടങ്ങും. ഇന്ന് മുതല്‍ പുനലൂര്‍ ഡിപ്പോ പമ്പ തെങ്കാശി റൂട്ടില്‍ സര്‍വീസ് നടത്തും, വൈകുന്നേരം 7 മണിക്ക് തെങ്കാശിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 9 മണിക്ക് പമ്പയില്‍ നിന്ന് മടങ്ങും.
പളനി, തിരുനെല്‍വേലി, കമ്പം, ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ ആവശ്യാനുസരണം കര്‍ണാടകയിലേക്ക് ബസുകള്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഈ റൂട്ടുകള്‍ സുഗമമാക്കുന്നതിനായി 67 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പുതുതായി അന്തര്‍സംസ്ഥാന പെര്‍മിറ്റുകള്‍ അനുവദിച്ചു.