Kerala

എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർ ഏറ്റെടുത്തതിന് പിന്നാലെ കേരളത്തിന് നാലാം വന്ദേ ഭാരത് വേണമെന്ന ആവശ്യം റെയില്‍വേയ്ക്ക് മുന്നില്‍

Posted on

എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർ ഏറ്റെടുത്തതിന് പിന്നാലെ കേരളത്തിന് നാലാം വന്ദേ ഭാരത് വേണമെന്ന ആവശ്യം റെയില്‍വേയ്ക്ക് മുന്നില്‍.അന്തർ സംസ്ഥാന റൂട്ടിലേക്കാണ് പുതിയ വന്ദേ ഭാരതും വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് കേരളത്തില്‍ കൂടുതല്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്.

റെയില്‍വേ മന്ത്രി ചെയർമാനും റെയില്‍വേ സഹമന്ത്രിമാർ വൈസ് ചെയർമാൻമാരും പാർലമെൻ്റ് അംഗങ്ങളും റെയില്‍വേ ബോർഡ് ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങള്‍ ആയിട്ടുള്ള റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗമാണ് കഴിഞ്ഞദിവസം ചേർന്നത്. ശബരി റെയില്‍ പദ്ധതി ഉള്‍പ്പെടെ കേരളത്തിൻ്റെ വിവിധ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. ഇതിലാണ് നാലാം വന്ദേ ഭാരത് എന്ന ആവശ്യവും ഉയർന്നത്.

കേരളത്തിൻ്റെ നാലാം വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം – ചെന്നൈ റൂട്ടില്‍ ആരംഭിക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം – കാസർകോട്, മംഗളൂരു – തിരുവനന്തപുരം, എറണാകുളം – ബെംഗളൂരു വന്ദേ ഭാരതുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. മൂന്നില്‍ രണ്ടും അന്തർ സംസ്ഥാന സർവീസുകളാണ്.

ഇതിന് സമാനമായി തിരുവനന്തപുരം – ചെന്നൈ റൂട്ടിലേക്കും പുതിയ വന്ദേ ഭാരത് അനുവദിക്കണമെന്നാണ് ആവശ്യം. യാത്രാ തിരക്ക് അനുഭവപ്പെടുന്ന റൂട്ടായതിനാല്‍ തന്നെ ട്രെയിൻ ആരംഭിച്ചാല്‍ യാത്രക്കാർ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. നിലവില്‍ സംസ്ഥാനത്ത് ഓടുന്ന വന്ദേ ഭാരതുകളെല്ലാം രാജ്യത്ത് തന്നെ ഒക്യുപെൻസി റേറ്റില്‍ മുന്നിലുള്ളവയാണ്.

ചെന്നൈ വന്ദേ ഭാരതിന് പുറമെ ഹൈദരാബാദിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ ഇറങ്ങുമ്ബോള്‍ തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ സർവീസ് അനുവദിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു ഈ സാഹചര്യത്തിലാണ് ഹൈദരാബാദിലേക്കും വന്ദേ ഭാരത് വേണമെന്ന ആവശ്യം.

നിലവില്‍ കേരളത്തില്‍ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളില്‍ പരമാവധി കോച്ചുകള്‍ ഉള്‍പ്പെടുത്തണമെന്നും പുതുതായി അനുവദിച്ച ബെംഗളൂരു എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്നും ആവശ്യമുണ്ട്. ഇതോടൊപ്പം തിരുവനന്തപുരത്തുനിന്നും രാജസ്ഥാനിലേക്ക് പുതിയ ട്രെയിനും നിലവില്‍ സർവീസ് നടത്തുന്ന വേളാങ്കണ്ണി എക്സ്പ്രസ്, വിശാഖപട്ടണം, തിരുപ്പതി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ഡെയിലി എക്സ്പ്രസുകളായി മാറ്റണമെന്നും കേരളത്തില്‍ സർവീസ് നടത്തുന്ന മെമു പാസഞ്ചർ ട്രെയിനുകളില്‍ ഏറ്റവും കുറഞ്ഞത് 16 കോച്ചുകളായി പുന:ക്രമീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version