Kerala
ശബരിമലയിലെ താഴികക്കുടം സ്വർണ്ണം പൂശുന്നതിനിടയിൽ കൊണ്ടുപോയിരുന്നു
2017ല്‍ കൊടിമരം സ്വര്‍ണം പൂശുന്നതിനിടയിലാണ് അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ താഴികക്കുടങ്ങളെ താഴെയിറക്കി പമ്പയിലേക്ക് കൊണ്ടുപോയത്. ആചാരവും ദേവസ്വം മാന്വലും ലംഘിച്ച് താഴികക്കുടം പമ്പയിലേക്ക് കൊണ്ടുപോയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎം പ്രതിനിധി കെ. രാഘവന്റെ നേതൃത്വത്തില്‍.
1950 ലെ തീപിടിത്തത്തിന് ശേഷം ക്ഷേത്രം പുനര്‍നിര്‍മ്മിച്ചപ്പോള്‍ സ്ഥാപിച്ചതാണ് ശ്രീകോവിലിലെ മൂന്ന് ചെമ്പ് താഴികക്കുടങ്ങള്‍. യൂബി ഗ്രൂപ്പ് ചെയര്മാന് വിജയ് മല്യ 1998-1999 ല്‍ ശ്രീകോവിലിനൊപ്പം ഈ താഴികക്കുടങ്ങളും താഴെയിറക്കി സ്വര്‍ണം പൊതിഞ്ഞു. അതിന്റെ കലശപൂജയ്ക്കാണ് വിജയ് മല്യ എത്തിയതും. ഈ താഴികക്കുടങ്ങളാണ് 2017 ഏപ്രില്‍-മെയ് മാസങ്ങളില്‍ താഴെയിറക്കി പമ്പയിലേക്ക് കൊണ്ടുപോയത്.
അന്ന് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം പ്രസിഡന്റ്. കോണ്‍ഗ്രസിലെ അജയ് തറയിലും സിപിഎമ്മിന്റെ കെ.രാഘവനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും. താഴികക്കുടങ്ങള്‍ താഴെ ഇറക്കിയപ്പോള്‍ തൂക്കം നോക്കി മഹസര്‍ തയാറാക്കുകയോ എത്രത്തോളം സ്വര്‍ണം ഉണ്ടെന്നോ പരിശോധിച്ചില്ല. പമ്പയില്‍ നിന്നും ഇത് എങ്ങോട്ട് പോയെന്നോ അവിടെ എന്ത് ചെയ്തുവെന്നോ കൃത്യമായ രേഖകളില്ല.
താഴികക്കുടങ്ങള്‍ ക്ഷേത്രസന്നിധിവിട്ട് പുറത്തേക്ക് പോകാന്‍ പാടില്ലാത്തവയാണ്. അറ്റകുറ്റപ്പണികള്‍ക്ക് എന്നാണ് അന്ന് ശബരിമയിലുണ്ടായിരുന്നവരെ ധരിപ്പിച്ചത്. താഴികക്കുടങ്ങള്‍ക്ക് കേട് സംഭവിച്ചുവെന്നും കൊടിമര പ്രതിഷ്ഠക്കു മുന്നോടിയായി അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് അത് പുനഃസ്ഥാപിക്കുമെന്നുമാണ് അന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യങ്ങള്‍ അന്ന് പുറത്തിറങ്ങിയ പുണ്യദര്‍ശനം മാസികയില്‍ ശബരിമല വിശേഷങ്ങള്‍ എന്ന പംക്തിയില്‍ റിപ്പോര്‍ട്ടും ചെയ്തിരുന്നു. 2017 ജൂണ്‍ 23 ന് കൊടിമരം സമര്‍പ്പിക്കുമ്പോള്‍ താഴികക്കുടങ്ങള്‍ ശ്രീകോവിലിന് മുകളിലുണ്ട്.
തങ്കം പൊതിഞ്ഞ, യാതൊരുവിധ കേടുപാടുകളും തോന്നാതിരുന്ന താഴികക്കുടങ്ങള്‍ ക്ഷേത്ര സന്നിധാനത്തു നിന്നും വീണ്ടും സ്വര്‍ണം പൂശാനായി പമ്പയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയതും ദുരൂഹമാണ്. അതിനൊപ്പമുള്ള സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയ്ക്ക് ഒരുകേടുപാടും ഇതുവരെ സംഭവിച്ചിട്ടില്ല. മാത്രമല്ല മൂന്ന് താഴികക്കുടങ്ങള്‍ ഒരുമിച്ച് കേടുവന്നെന്ന് പറയുന്നതും സംശയാസ്പദമാണ്. ശബരിമല പോലെ വനക്ഷേത്രത്തിനുള്ളില്‍ ഇടിമിന്നലേറ്റ് 75 വര്‍ഷത്തോളം പഴക്കമുള്ള താഴികക്കുടങ്ങള്‍ക്ക് കോടികളാണ് വില. ഇതും ദ്വാരപാലകപാളിക്കൊള്ളയ്ക്ക് സമാനമായി കടത്തുകയായിരുന്നോ എന്നും പഴയ താഴികകുടങ്ങളാണോ ഇപ്പോഴുള്ളതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.