Kottayam

മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Posted on

പാലാ : മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ആർ ഡി ഒ കെ.എം. ജോസുകുട്ടി, തഹസിൽദാർ ലിറ്റി മോൾ തോമസ്, പാലാ ഡിവൈഎസ്പി കെ. സദൻ, എസ്എച്ച്ഒ പ്രിൻസ് ജോസഫ്, വിവിധ രാഷ്ട്രീയകക്ഷി തൊഴിലാളി യൂണിയൻ നേതാക്കളായ ലാലിച്ചൻ ജോർജ്, സജേഷ് ശശി, ജോസുകുട്ടി പൂവേലിൽ, സാബു കാരയ്ക്കൽ, ശങ്കരൻകുട്ടി നിലപ്പന, ബിനീഷ് ചൂണ്ടച്ചേരി, ബസ് ഉടമകളായ ഡാന്റിസ് തെങ്ങുംപള്ളിക്കുന്നേൽ, കുട്ടിച്ചൻ കുഴിത്തോട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളിൽ പാലായിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ അക്രമം നടത്തിയവർക്കെതിരെയും, പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് യോഗത്തിൽ തീരുമാനമായി.

നാട്ടകം പോളിടെക്നിക് കോളേജിൽ നിന്നും വലവൂരിലേക്ക് സഞ്ചരിച്ച വിദ്യാർഥിനിക്ക് കൺസഷൻ നൽകാതിരുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും, എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നിരുന്നു. അതേത്തുടർന്ന് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ ജീവനക്കാർക്ക് നേരെ നടന്ന മർദ്ദനവുമാണ് തൊഴിലാളി സമരത്തിലേക്ക് നയിച്ചത്.

അതേസമയം സ്വകാര്യ ബസ് സമരത്തിൻ്റെ രണ്ടാം ദിവസവും പൊതുജനങ്ങൾക്ക് ദുരിതയാത്രയാണ് സമ്മാനിച്ചത്. സ്കൂളുകളിലും ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു. തിരക്കേറിയ സമയങ്ങളിൽ കെഎസ്ആർടിസി ബസ്സുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version