Kerala

ഇടത് അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യാനെത്തിയ യുവതിയുടെ വലത്തെ അണ്ഡാശയം നീക്കം ചെയ്തുവെന്നാണ് പരാതി

Posted on

എസ്എടി ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഇടത് അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യാനെത്തിയ യുവതിയുടെ വലത്തെ അണ്ഡാശയം നീക്കം ചെയ്തുവെന്നാണ് പരാതി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനി ആശയാണ് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നൽകിയിരിക്കുന്നത്. എന്നാൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് എസ്എടി സൂപ്രണ്ട് പറയുന്നു.

നെയ്യാറ്റിൻകര സ്വദേശിനിയായ ആശ 2023-ലാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയത്.പരിശോധനയിൽ ഇടത് അണ്ഡാശയത്തിൽ മുഴയുണ്ടെന്ന് കണ്ടത്തി. തുടർ ചികിത്സയ്ക്കായി ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് എസ്എടിയിലെത്തിയത്. ഇവിടെ എത്തിയതോടെ ഡോക്ടർമാർ മുഴ നീക്കാൻ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചു. അണ്ഡാശയം പൂർണമായി നീക്കം ചെയ്യാതെ മുഴ നീക്കം ചെയ്യാനുള്ള സമ്മതപത്രവും ശസ്ത്രക്രിയയ്ക്ക് മുൻപ് ആശ ഒപ്പിട്ട് നൽകി. എന്നാൽ ഇടത് അണ്ഡാശയം പൂർണ്ണമായി നീക്കം ചെയ്തെന്ന് ഡോക്ടർ അറിയിച്ചു.

ശസ്ത്രക്രിയക്ക് ശേഷം വീണ്ടും ആരോഗ്യ പ്രശ്നങ്ങൾ വന്നതോടെ നടത്തിയ പരിശോധനയിൽ എടുത്തുമാറ്റി എന്ന് ഡോക്ടർമാർ പറഞ്ഞ ഇടത് അണ്ഡാശയം അവിടെ ഉണ്ടെന്നും വലത് അണ്ഡാശയം ഇല്ലന്നും കണ്ടെത്തുകയായിരുന്നു. എന്നാൽ സ്ത്രീ ശരീരത്തിലെ അണ്ഡാശയങ്ങൾ പെൽവിക് ക്യാവിറ്റിക്കുള്ളിൽ അനങ്ങിക്കൊണ്ടിരിക്കുന്നതാണ്. ഇതേ തുടർന്ന് ആദ്യ സ്കാനിങ്ങിൽ ഇടത് അണ്ഡാശയത്തിലാണ് പ്രശ്നമുള്ളതെന്ന് കണ്ടെത്തി. എന്നാൽ ശസ്ത്രക്രിയ നടത്തിയ സമയത്ത് വലത് അണ്ഡാശയത്തിലാണ് മുഴയുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വലത്തെ അണ്ഡാശയം നീക്കിയതെന്നുമാണ് സൂപ്രണ്ട് പറയുന്നത്.

അതേസമയം, ആശയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിഎംഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി നൽകിയ റിപ്പോർട്ടും ഇതാണ് വ്യക്‌തമാക്കുന്നത്. തുടർ ചികിത്സയ്ക്കായി എസ്എടിയിൽ എത്തിയപ്പോൾ തനിക്ക് വിവേചനം നേരിട്ടെന്നും അതിനാലാണ് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നും ആശ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version