Kerala

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, ചാരവൃത്തി, ബലാത്സംഗം, കൊലപാതകം, ഭീകരപ്രവർത്തനം, മനുഷ്യക്കടത്ത്, നിരോധിത ഭീകരസംഘടനകളിലെ അംഗത്വം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വിദേശികൾക്ക് ഇന്ത്യയിൽ പ്രവേശനം ഇനി അനുവദിക്കില്ല

Posted on

പുതിയ കുടിയേറ്റവും വിദേശികളും സംബന്ധിച്ച നിയമപ്രകാരം, രാജ്യസുരക്ഷക്കും പൊതുശാന്തിക്കും ഭീഷണിയായ വിദേശികൾക്കെതിരെ കർശന നിയന്ത്രണങ്ങളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, ചാരവൃത്തി, ബലാത്സംഗം, കൊലപാതകം, ഭീകരപ്രവർത്തനം, മനുഷ്യക്കടത്ത്, നിരോധിത ഭീകരസംഘടനകളിലെ അംഗത്വം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വിദേശികൾക്ക് ഇന്ത്യയിൽ പ്രവേശനം ഇനി അനുവദിക്കില്ല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഏതുതരം ഇന്ത്യൻ വിസയും, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് പ്രവേശിക്കാൻ അപേക്ഷിക്കുന്ന എല്ലാ വിദേശികളും അവരുടെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും അധികാരികൾക്ക് സമർപ്പിക്കണം. വിസയ്ക്കോ OCI കാർഡിനോ അപേക്ഷിക്കുന്നവരുടെ വിരലടയാളം, കണ്ണിന്റെ നിറം (iris scan) തുടങ്ങിയ വിവരങ്ങൾ അപേക്ഷാ ഘട്ടത്തിൽ തന്നെ ശേഖരിക്കും. ഇതിലൂടെ നിയമലംഘകരെയും സംശയാസ്പദരെയും വേഗത്തിൽ തിരിച്ചറിയാനും അതിർത്തികളിൽ നിയന്ത്രണം ശക്തമാക്കാനും സർക്കാർ ശ്രമിക്കുന്നു.

കൂടാതെ, സാധുവായ വിസ കൈവശമുള്ള വിദേശികൾക്കും നിയന്ത്രണങ്ങളുണ്ടാകും. സിവിൽ അധികാരികളുടെ അനുമതിയില്ലാതെ ഊർജമേഖല, ജലവിതരണ മേഖല, പെട്രോളിയം മേഖല തുടങ്ങിയ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് സുപ്രധാനമായ സ്വകാര്യ സ്ഥാപനങ്ങളിൽ അവർക്ക് ജോലി സ്വീകരിക്കാൻ കഴിയില്ല. ദേശീയ സുരക്ഷയെ ബാധിക്കാവുന്ന മേഖലകളിൽ അനധികൃത ഇടപെടലുകൾ തടയാനാണ് ഈ തീരുമാനം. സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും നിർബന്ധമായും തടങ്കൽപ്പാളയങ്ങൾ സ്ഥാപിക്കണമെന്ന് നിയമത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള വിദേശികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട പട്ടികയും നിയന്ത്രണങ്ങളും കാലാകാലങ്ങളിൽ പുതുക്കി സൂക്ഷിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട വിദേശികളുടെ പേരുകളും വിവരങ്ങളും പുതുക്കി രേഖപ്പെടുത്തുന്നതിനൊപ്പം, പുതിയ സുരക്ഷാ വിലയിരുത്തലുകൾ പ്രകാരം നടപടികളും സ്വീകരിക്കും. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള വലിയ നീക്കമായാണ് ഈ നിയമം വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version