Kerala
കൊച്ചിടപ്പാടി വാർഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്വകാര്യ സ്ഥാപനത്തെക്കൊണ്ട് പുനരുദ്ധരിക്കാനും മനോഹരമാക്കാനുമുള്ള തൻ്റെ പദ്ധതിക്ക് തുരങ്കം വച്ചത് കൗൺസിലർ സാവിയോ കാവുകാട്ടും പിന്നെ മറ്റു ചിലരുമാണെന്ന് പ്രതിപക്ഷ കൗൺസിലർ സിജി ടോണി ആരോപിച്ചു
കൊച്ചിടപ്പാടി വാർഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്വകാര്യ സ്ഥാപനത്തെക്കൊണ്ട് പുനരുദ്ധരിക്കാനും മനോഹരമാക്കാനുമുള്ള തൻ്റെ പദ്ധതിക്ക് തുരങ്കം വച്ചത് കൗൺസിലർ സാവിയോ കാവുകാട്ടും പിന്നെ മറ്റു ചിലരുമാണെന്ന് പ്രതിപക്ഷ കൗൺസിലർ സിജി ടോണി ആരോപിച്ചു.
തൻ്റെ അപേക്ഷയിൽ എഞ്ചിനിയറിംഗ് വിഭാഗത്തിൻ്റെ NOC ഇല്ലായിരുന്നു എന്ന കാവുകാടൻ്റെ വാദഗതി തെറ്റാണെന്ന് തെളിയിക്കുന്ന കൗൺസിൽ അജണ്ടയുടെ കുറിപ്പ് പുറത്ത് വിടുകയാണ്. താൻ ഉന്നയിച്ച കത്ത് അജണ്ടയാക്കിയപ്പോൾ നഗരസഭ എഞ്ചിനിയറിംഗ് വിഭാഗത്തിൻ്റെ വ്യക്തമായ ശുപാർശ അതോടൊപ്പമുള്ളതാണ്. ഏറ്റെടുക്കുമ്പോൾ സ്വകാര്യ സ്ഥാപനം വയ്ക്കേണ്ട എഗ്രിമെൻ്റിനെ സംബന്ധിച്ചും കുറിപ്പിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അല്ല എന്ന് തെളിയിച്ചാൽ കൗൺസിലർ സ്ഥാനം രാജി വയ്ക്കാൻ താൻ തയ്യാറാണെന്നും സിജി ടോണി അറിയിച്ചു. മറിച്ചാണെങ്കിൽ സാവിയോ കൗൺസിലർ പദവി രാജി വയ്ക്കാൻ തയ്യാറാണോ എന്നും സിജി ടോണി ചോദിക്കുന്നു.
സാവിയോ തൻ്റെ രാഷ്ട്രീയ ഗുരുവിനെ പ്രീതിപ്പെടുത്താനുള്ള നീക്കത്തിൽ തകർത്തത് കൊച്ചിടപ്പാടിയുടെ മാറേണ്ട മുഖവും മാണി സാറിൻ്റെ പേരിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ സൗകര്യങ്ങളെയുമാണ്. വിവാദങ്ങൾക്ക് താത്പര്യവും സമയവുമില്ലാത്ത സ്വകാര്യ സ്ഥാപനം കൊച്ചിടപ്പാടിയിൽ സൗജന്യമായി നിർമ്മിക്കാമെന്നേറ്റ നിർമ്മിതിയിൽ നിന്നും പിൻമാറിക്കഴിഞ്ഞു.
തൻ്റെ വാർഡിലെ വികസന പദ്ധതി അട്ടിമറിച്ചതിലൂടെ ക്രൂരമായി ആനന്ദിക്കുന്ന സാവിയോയോട് കാലം കണക്ക് ചോദിക്കും. സാവിയോയെപ്പോലെയുള്ള വികസന മുടക്കി ശകുനികളുടെ മുമ്പിൽ വികസന പദ്ധതികൾക്കായി യാചിക്കാൻ വേറെ ആളെ നോക്കണമെന്നും സിജി കൂട്ടിച്ചേർത്തു.കൗൺസിലിൽ സംഭവിച്ച മുഴുവൻ കാര്യങ്ങളും വാർഡ് നിവാസികളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിജി പറയുന്നു.