Kerala

സർക്കാരുദ്യോഗസ്ഥർ കളിച്ചപ്പോൾ സ്വന്തം നാലേക്കർ ഭൂമി മറ്റുള്ളവരുടെ പേരിൽ പോക്ക് വരവ് ചെയ്തു നൽകി;ഒടുവിൽ പൊതു പ്രവർത്തകൻ ജോയി കളരിക്കലിനെയും  കൂട്ടി നടത്തിയ നിയമ പോരാട്ടത്തിൽ 18 വർഷത്തിന് ശേഷം ഭൂമി സ്വന്തം പേരിൽ പോക്ക് വരവ് നടത്തി കിട്ടി :ഇരു കൈകളും കൂപ്പി നന്ദി പറയുകയാണ് ഈ വൃദ്ധ ദമ്പതികൾ സഹായിച്ച എല്ലാവരോടും 

Posted on

പാലാ: ബധിരനും മൂകനും 78 വയസ്സ് പ്രായവുമുള്ള നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയും കഴിഞ്ഞ പതിനെട്ട് വര്‍ഷത്തോളമായി നടത്തിയ നീതിക്കുവേണ്ടിയുള്ള പോരാട്ടം വിജയത്തില്‍ എത്തിയിരിക്കുകയാണ്.
1988 ല്‍ വിലയാധാരപ്രകാരം നീലൂര്‍ പൂവേലില്‍ ചാക്കോയുടെ പേരില്‍ രാമപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ നാല് ഏക്കര്‍ ഭൂമിയാണ് ഇതുവരെ പോക്കുവരവ് ചെയ്ത് നല്‍കാതെയിരുന്നത്. 1991-ലെ റീസര്‍വ്വേ സമയത്ത് അന്നത്തെ റവന്യു അധികാരികള്‍ മറ്റുചിലരുടെ സമ്മര്‍ദ്ദത്തിനും സ്ഥാപിത താല്പര്യങ്ങള്‍ക്കും വഴങ്ങി കൃത്രിമ രേഖകള്‍ ഉണ്ടാക്കി മറ്റുചില തല്പര കക്ഷികള്‍ക്ക് ചാക്കോയുടെ ഈ ഭൂമി പോക്കുവരവ് ചെയ്ത് നല്‍കിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കാനായി വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും, ഭരണാധികാരികള്‍ക്കും പലതവണ നിരവധി പരാതികള്‍ നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. 2017-ല്‍ പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ഇവരുടെ ദുരവസ്ഥ അറിയുകയും ഈ പ്രശ്നത്തില്‍ ഇടപെടുകയും തുടര്‍ന്ന് 2017 ഡിസംബറില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ സമരം നടത്തുകയുമുണ്ടായി.

06.01.2018 ല്‍ തെറ്റായി ചെയ്ത പോക്കുവരവ് ആര്‍.ഡി.ഒ. റദ്ദാക്കി. എന്നാല്‍ തുടര്‍ന്നും ചാക്കോയ്ക്ക് പോക്കുവരവ് ചെയ്ത് നല്‍കാതെ പ്രതികള്‍ക്ക് സഹായകരമായ നിലപാടുകളുമായി റവന്യു അധികാരികള്‍ നിലനില്‍ക്കുകയായിരുന്നു. ഇതിനെതിരെ ജില്ലാ കളക്ടര്‍, ഭരണാധികാരികള്‍, കോടതി എന്നിവിടങ്ങളില്‍ വീണ്ടും പരാതികള്‍ നല്‍കിയിരുന്നു. 08.10.2021 ല്‍ ജില്ലാ കളക്ടറുടെ ഉത്തരവും, 05.08.2025 ന് ഹൈക്കോടതിയുടെ ഉത്തരവും ലഭിച്ചിട്ടും ചാക്കോയ്ക്ക് പോക്കുവരവ് ചെയ്ത് നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഈ മാസം 19 ന് വീണ്ടും താലൂക്ക് ഓഫീസില്‍ സമരം നടത്തി. സമര സ്ഥലത്ത് എത്തിയ മീനച്ചില്‍ തഹസില്‍ദാര്‍ ലിറ്റിമോള്‍ ജോസഫ്, ഭൂരേഖ തഹസില്‍ദാര്‍ സീമ ജോസഫ് എന്നിവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പോക്കുവരവ് ചെയ്ത് നല്കാമെന്ന അറിയിക്കുകയും അവരുടെ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയും ചെയ്തു. അവര്‍ പറഞ്ഞ വാക്ക് പാലിക്കപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് 26 ന് ഇതുസംബന്ധിച്ച ഉത്തരവ് ചാക്കോയ്ക്ക് ലഭിച്ചു. 27ന് കടനാട് വില്ലേജ് ഓഫീസില്‍ ചാക്കോയുടെ പേരില്‍ കരം അടയ്ക്കുവാനും സാധിച്ചു.

തങ്ങളുടെ ഈ ദുരവസ്ഥയില്‍ നിന്നും കരകയറുന്നതിന് സഹായങ്ങള്‍ നല്‍കിയ പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍, ഹൈക്കോടതി അഡ്വക്കേറ്റ് അഡ്വ. പി. ബാബുകുമാര്‍, അഡ്വ. രവികുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റെല്ലാവര്‍ക്കും പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയും നന്ദിരേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version