Kottayam
ജാതി ഒരു പരിമിതിയല്ല, മറിച്ച് സാമൂഹ്യ പ്രതിബദ്ധതയാണെന്ന് ചൂണ്ടിക്കാണിച്ച മഹാനായിരുന്നു മന്നത്ത് പത്മനാഭന്‍:എന്‍.എസ്.എസ്.കോളേജ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി പ്രൊഫ. ഡോ. എസ്. സുജാത
പാലാ: ജാതി ഒരു പരിമിതിയല്ല, മറിച്ച് സാമൂഹ്യ പ്രതിബദ്ധതയാണെന്ന് ചൂണ്ടിക്കാണിച്ച മഹാനായിരുന്നു മന്നത്ത് പത്മനാഭന്‍. കേരളം കണ്ട ഏറ്റവും വലിയ മാനവവാദിയും ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാത്മാവുമാണ് സമുദായാചാര്യനെന്നും എന്‍.എസ്.എസ്.കോളേജ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി പ്രൊഫ. ഡോ. എസ്. സുജാത.ജാതി സെന്‍സസ് നടപ്പായാല്‍ ഹിന്ദു സമൂഹം വിഭജിക്കപ്പെടുമെന്ന് അവർ കൂട്ടിച്ചേർത്തു.
മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. എസ്. സുജാത. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി നായര്‍ അദ്ധ്യക്ഷത വഹിച്ചു.
കരയോഗങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും ഡിഗ്രി കോഴ്സുകളില്‍ റാങ്കും, എ ഗ്രേഡും നേടിയവരെയും പിജി കോഴ്സുകളില്‍ റാങ്ക് നേടിയവരയും വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും പ്രതിഭാസംഗമം പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.
യുവ സാഹിത്യകാരി അനഘ ജെ. കോലത്ത്, അശ്വിന്‍ പി.നായര്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. പ്രതിഭകള്‍ക്ക് പ്രൊഫ. ഡോ. എസ്. സുജാത എഴുതിയ മന്നത്ത് പദ്മനാഭന്‍ ലിവിങ് ബീയോണ്ട് ദി ഏജെസ്, മന്നത്ത് പദ്മനാഭന്‍ വിഷന്‍ ഓഫ് ഹിന്ദുയിസം എന്നീ ഗ്രന്ഥങ്ങളും, യൂണിയന്‍ സ്‌കോളര്‍ഷിപ്പും, മെമന്റോയും, ചന്ദന തൈകളും വിതരണം ചെയ്തു.
യൂണിയന്‍ കമ്മറ്റി അംഗങ്ങളായ എന്‍.ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ കുളപ്പുറത്ത്, കെ.ഒ. വിജയകുമാര്‍, എന്‍. ഗിരീഷ് കുമാര്‍, പി. രാധാകൃഷ്ണന്‍, കെ.എന്‍ ഗോപിനാഥന്‍ നായര്‍, അനില്‍കുമാര്‍, സുരേഷ് പി.ജി, സോമനാഥന്‍ അക്ഷയ, കെ.എന്‍ ശ്രീകുമാര്‍, ജി ജയകുമാര്‍, എം.പി വിശ്വനാഥന്‍ നായര്‍, കെ അജിത് കുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു ബി. നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ സെക്രട്ടറി എം.എസ്. രതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.