Kottayam

ഒഡീഷ ആക്രമണം:ഫ്രാൻസിസ് ജോർജ്എം.പി പ്രതിഷേധിച്ചു

Posted on

കോട്ടയം:ഒഡീഷയിലെ ജലേശ്വറിൽ മലയാളി വൈദീകർക്കും കന്യാസ്ത്രീകൾക്കും കൂടെ ഉണ്ടായിരുന്ന മതബോധന അദ്ധ്യാപകനും എതിരെ ബജ്റംഗ്ദളിൻ്റെ നേതൃത്വത്തിൽ നടത്തിയ അക്രമണത്തിൽ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി.ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.

സംഭവ സ്ഥലത്ത് എത്തിയ പോലീസ്, അക്രമകാരികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ കാഴ്ചക്കാരായി നോക്കി നിന്നത് ആക്രമണത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണന്ന് അദ്ദേഹം പറഞ്ഞു.

നിയമം കൈയ്യിലെടുത്ത് അഴിഞ്ഞാടുന്ന അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും ഒഡീഷ സർക്കാരും സ്വീകരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ ക്രൂരമായ ആക്രമണവും പരസ്യവിചാരണയും പോലീസിൻ്റെ സാന്നിദ്ധ്യത്തിലാണ് നടത്തിയത്. ഭരണ നേതൃത്വത്തിൻ്റെ പിന്തുണ ഉള്ളതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ തുടരുന്നതെന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു.

ഭരണഘടന ഉറപ്പ് നൽകുന്ന നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണം.

മണിപ്പൂരിൽ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നൂറ് കണക്കിന് ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെടുകയും പുരോഹിതന്മാരും കന്യാസ്ത്രീകളും അടക്കം ആയിരക്കണക്കിന് വിശ്വാസികൾ അക്രമത്തിന് ഇരയാക്കുകയും ചെയ്തിട്ട് ഇതൊന്നും കണ്ടില്ലന്ന് നടിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തിൻ്റെ മതേതര സ്വഭാവത്തെ ഇല്ലാതാക്കാൻ കൂട്ടുനില്ക്കുകയാണന്നും ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version