Kerala

ഓര്‍മ്മ ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ 9 ന് പാലായിൽ

Posted on

 

കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ 8, 9 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മന്ത്രി പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇന്റലിജിൻസ് മേധാവി എ ഡി ജി പി പി വിജയൻ മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ, 24 ന്യൂസിലെ ന്യൂസ് അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം എന്നിവർ പ്രസംഗിക്കും. ചലച്ചിത്രതാരം വിൻസി അലോഷ്യസ് വിജയികളെ പ്രഖ്യാപിക്കും.

8 ന് വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ മത്സരാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും മത്സരാർത്ഥികളുടെ കുടുംബങ്ങളുടെ കൂട്ടയ്മയും നടക്കും. പരിശീലനത്തിനായി എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകര്‍ സൗജന്യമായി ഒരുക്കിയിട്ടുണ്ട്.

9 ന് ശനിയാഴ്ച രാവിലെ മുതല്‍ ഫൈനല്‍ റൗണ്ട് പ്രസംഗമത്സരവും ഉച്ചയ്ക്കുശേഷം അവാര്‍ഡ് ദാനവും നടക്കും. ആഗസ്റ്റ് 9ന് മത്സരാത്ഥികൾക്കും കുടുംബങ്ങൾക്കുമായി ടോപ് സിങ്ങർ താരങ്ങൾ ആയ ഹരി പിവി, വൈഷ്ണവി പണിക്കർ എന്നിവർ പ്രത്യേക സംഗീത പരിപാടി അവതരിപ്പിക്കും.

സീസണ്‍ 3ല്‍ സീനിയർ ജൂനിയർ വിഭാഗങ്ങളിലായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ ‘‘ഓര്‍മ്മ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2025’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി നൽകുന്നത്. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.

ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും.

ഭാരവാഹികളായ ജോസ് തോമസ്, സജി സെബാസ്റ്റ്യൻ, കുര്യാക്കോസ് മാണിവയലിൽ, ഷാജി ആറ്റുപുറം, എബി ജെ ജോസ് തുടങ്ങിയവർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version