Kerala
ലഹരിക്കെതിരെ പ്രതിരോധദീപം തെളിഞ്ഞു: രാമപുരത്ത് കെ.സി.ബി.സി. മദ്യവിരുദ്ധ മാസാചരണം സമാപിച്ചു
പാലാ: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പാലാ രൂപതയിൽ നടത്തിയ ലഹരിവിരുദ്ധ മാസാചരണത്തിന്റെ സമാപനച്ചടങ്ങ് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച പാരിഷ് ഹാളിൽ നടന്നു. മാർ ആഗസ്‌തീനോസ് കോളേജിലെയും സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെയും അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ രൂപതാ പ്രസിഡന്റ് ശ്രീ പ്രസാദ് കുരുവിള അധ്യക്ഷനായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിദ്യാർത്ഥികളിൽ നിന്ന് ലഹരിവിരുദ്ധ ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. “മയക്കുമരുന്ന് വ്യാപാരികൾ ക്രിമിനലുകൾ മാത്രമല്ല, അവർ കൊലപാതകികളാണ്” എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ അനുസ്മരിപ്പിച്ച ബിഷപ്പ്, സമൂഹം ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകണമെന്ന് ആഹ്വാനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. മുഖ്യ പ്രഭാഷണം കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നടത്തുകയും ചെയ്തു.
മാർ ആഗസ്‌തീനോസ് കോളജ് വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ ടീമിന്റെ നൃത്തശില്പാവതരണവും ചടങ്ങിനെ ആകർഷകമാക്കി.
ചടങ്ങിൽ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ (ഡയറക്ടർ, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി), ശ്രീ കെ. സദൻ (ഡെപ്യൂട്ടി എസ്.പി., പാലാ), ശ്രീ അജയ് കെ.ആർ (ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്, കോട്ടയം), റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം (വികാർ & മാനേജർ, മാർ ആഗസ്‌തീനോസ് കോളേജ്), ഡോ. റെജി വർഗീസ് മേക്കാടൻ (പ്രിൻസിപ്പൽ, മാർ ആഗസ്‌തീനോസ് കോളേജ്), ശ്രീ ഡിറ്റോ സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ, സെൻറ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്.), റവ. ഫാ. ജോസഫ് ആലഞ്ചേരി (വൈസ് പ്രിൻസിപ്പൽ, മാർ ആഗസ്‌തീനോസ് കോളേജ്), ശ്രീമതി സിജി ജേക്കബ് (വൈസ് പ്രിൻസിപ്പൽ, മാർ ആഗസ്‌തീനോസ് കോളേജ്), ശ്രീ സാബു തോമസ് (ഹെഡ്മാസ്റ്റർ, സെൻറ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്.), ശ്രീമതി ജാനറ്റ് കുര്യൻ (ഹെഡ്മിസ്ട്രസ്, എസ്.എച്ച്. ജി.എച്ച്.എസ്.), റവ. സിസ്റ്റർ ഡോണ എസ്.എച്ച്. (ഹെഡ്മിസ്ട്രസ്, സെൻറ് ജോസഫ് യു.പി.എസ്., വെള്ളിലാപ്പിള്ളി), ശ്രീ സാബു എബ്രഹാം (വൈസ് പ്രസിഡന്റ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി) തുടങ്ങിയവർ സംസാരിച്ചു.