Politics
കൂട് വിട്ട് കൂട് മാറാം,വാർഡ് വിട്ട് വാർഡും മാറാം :ഒത്താലൊരു ചെയർപേഴ്‌സൺ
പാലാ :പാലായങ്കം :7: കൂട് വിട്ട് കൂട് മാറാം ;വാർഡ് വിട്ട് വാർഡും മാറാം .രാഷ്ട്രീയമല്ലേ ഒത്താലൊരു ചെയർപേഴ്‌സൺ സ്ഥാനം.നല്ല പോലെ വിശന്നിരിക്കുമ്പോൾ ചിക്കൻ ബിരിയാണി കിട്ടിയാൽ ആരേലും തിന്നാതിരിക്കുമോ .ബിരിയാണിയുടെ രുചി പറ്റി പോയാൽ പിന്നെ ബിരിയാണി തിന്നണമെന്നു എപ്പോഴും ഒരു ഉൾവിളി ഉണ്ടാവും.പക്ഷെ ജനങ്ങൾ നിർബന്ധിക്കുന്നത് കൊണ്ട് ആവണമെന്ന് തോന്നുകയും വേണം .
ഇപ്പോളത്തെ വാർഡ് രണ്ട് മുണ്ടുപാലം വാർഡിൽ വിജയിച്ച ജോസിൻ ബിനോയെ വാർഡ് ജനറൽ ആയതു കൊണ്ട് വേറെ വാർഡിൽ മത്സരിപ്പിക്കാൻ ഒരുങ്ങുകയാണ് സിപിഐഎം നേതൃത്വം .രണ്ടാം വാർഡിലാവട്ടെ അഭിലാഷാണ് അവരുടെ സ്ഥാനാർഥി .ചെയർപേഴ്‌സൺ ആയിരുന്നു കൊണ്ട് വളരെ കാര്യക്ഷമമായി പ്രവർത്തിച്ച ആളാണ് ജോസിൻ ബിനോ .ആദ്യത്തെ നാല് കൗൺസിൽ കഴിഞ്ഞപ്പോഴേ കളി പഠിച്ചു .കൈയും കലാശവും ഒക്കെ എടുത്ത് കഥകളി പഠിക്കുന്നതാണല്ലോ കൗൺസിലിലെ ബ്രഹ്മോസ് മിസൈൽ.അതിൽ ഒട്ടും പിശുക്കു കാണിച്ചിരുന്നില്ല അവർ .ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിലാണ് ജോസിൻ ബ്രഹ്മോസ് പായിച്ചത്.
സ്വരം കൂട്ടി സംസാരിക്കുമ്പോൾ അവർ കിതയ്ക്കുകയും ചെയ്യും , അപ്പോൾ വെള്ളം എടുത്ത് കുടിക്കും .അംഗ വിക്ഷേപങ്ങൾ കാണിക്കുവാൻ തുടങ്ങിയാൽ കൗൺസിലിൽ കളി പഠിച്ചു എന്നതാണ് ലക്ഷണം ഈ ലക്ഷണങ്ങൾ കാണിക്കുന്നവരെ അധികം ആരും ഉപദ്രവിക്കാറില്ല എന്തുകൊണ്ടെന്നാൽ ഒന്ന് ചോദിച്ചാൽ ഒമ്പതു തിരിച്ചു കിട്ടും എന്ന് അവർക്കറിയാം .അത്താഴം കഴിക്കാത്തവർ ഭാഗ്യവാൻ മാർ എന്തുകൊണ്ടെന്നാൽ രാവിലെ പഴങ്കഞ്ഞി അവർക്കുള്ളതാകുന്നു എന്ന് പറഞ്ഞപോലെ .ചെയർപേഴസനായിരുന്നപ്പോൾ കൂടിയ തടി കുറയ്ക്കാൻ അത്താഴ പട്ടിണി കിടക്കാൻ തുടങ്ങി .രാവിലെ പഴങ്കഞ്ഞി ഉള്ളിയും മോരും കൂട്ടി കഴിച്ച് ഇപ്പോൾ സ്ലിം ബ്യുട്ടിയുമായി .
ചെയർ പേഴ്‌സണായിരുന്നപ്പോൾ എവിടെ ചെന്നാലും ബോൺവിറ്റ ചായയും ;കശുവണ്ടി പരിപ്പും കൂടി ഒരു പിടി പിടിച്ചിരുന്നു .സംഘടകരാണെങ്കിൽ അത് കഴിക്ക് മാഡം ,ഇത് കഴിക്ക് മാഡം .മറ്റേത് കഴിക്ക് മാഡം ;മറിച്ചത് കഴിക്ക് മാഡം എന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോൾ അറിയാതെ കഴിച്ചു പോയി.അവസാനം തടികൂടി ചെയർപേഴ്‌സന്റെ ഡയസിലേക്കു കയറാനായി ജെ സി ബി വിളിക്കേണ്ട ഗതികേടിലുമായി .പക്ഷെ നാടോടി കാറ്റിൽ മോഹൻലാൽ പറഞ്ഞ പോലെ ഇത് കൊണ്ടൊന്നും ഞങ്ങൾ പിൻ വാങ്ങുമെന്ന് കരുതേണ്ട സാർ എന്നത് പോലെ ചെയർപേഴ്‌സൺ സ്ഥാനം പോയപ്പോൾ മുതൽ മുൻസിപ്പൽ സ്റ്റേഡിയത്തിലേക്ക് ഒറ്റയോട്ടമായിരുന്നു .നടന്നു നടന്ന് തടി കുറച്ച് ഇപ്പോൾ കൗണ്സിലിലേക്കുള്ള നട കയറുന്നതു തന്നെ കുംഭ കുടത്തിനു തുള്ളുന്നപോലെയാണ് .ഈയിടെ പൊതു പണി മുടക്ക് പ്രകടനത്തിനും മുന്നിൽ തന്നെയുണ്ടായിരുന്നു .പയറ് പോലെയാണ് നടപ്പ് .അത് കണ്ടപ്പോഴേ കോട്ടയം മീഡിയായ്ക്കു തോന്നി ഇത് എന്തിനോയുള്ള പടപ്പുറപ്പാടാണെന്ന്.അല്ലേൽ ഒരു വനിതാ കൗണ്സിലർക്കും തോന്നാത്ത പുത്തി ഇവർക്ക് തോന്നേണ്ടതുണ്ടോ ..?
ആദ്യം ചെയർ പേഴ്‌സണായിരുന്നപ്പോൾ അൽഫോൻസാ കോളേജിലെ ഒരു പരിപാടിക്ക് വളരെ അകന്നു നിന്നപ്പോൾ കോട്ടയം മീഡിയാ ആണ് മുഖ്യാതിഥിയുടെ അടുത്ത് പിടിച്ചു നിർത്തി പ്രോട്ടോക്കോൾ പാലിപ്പിച്ചത് . എന്നാൽ ഇപ്പോൾ അതൊക്കെ പഴം കഥ എവിടെ നിന്നാൽ ഫോട്ടോയിൽ വരുമെന്ന് ആയമ്മയ്ക്ക് കൃത്യമായി അറിയാം .ഉദ്‌ഘാടന പ്രാസംഗികൻ പ്രസംഗിക്കുമ്പോൾ പയ്യെ നിരങ്ങി നിരങ്ങി വന്ന് അടുത്ത് വന്നു നിൽക്കും .കൂടെ ഒരു മൊണാലിസ ചിരിയുമുണ്ടാകും . ആദ്യത്തെ കൗൺസിൽ യോഗം കൂടിയപ്പോൾ ബൈജു കൊല്ലമ്പറമ്പിലിന്റെയും ജിമ്മി ജോസഫിന്റെയും നേതൃത്വത്തിൽ പ്രതിപക്ഷവും ഭരണ പക്ഷവും അട്ടഹാസങ്ങളുമായി പോർ വിളി മുഴക്കിയപ്പോൾ പേടിച്ചരണ്ട് നിന്ന ജോസിൻ ബിനോയെ ഇപ്പോഴും ഓർക്കുന്നു .
ഇറങ്ങിയോടിയാൽ മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിച്ചാണ് കൗൺസിലിൽ നിന്നും ഇറങ്ങി ഓടാതിരുന്നത് .അതൊക്കെ ഒരു കാലം .അതിനു ശേഷം ളാലം തോട്ടിലൂടെ ഒത്തിരി വെള്ളം ഒഴുകി പോയി .ഈയിടെ ഒരാൾ ചോദിച്ചു എന്നാ ഒണ്ട് മുൻ ചെയര്പേഴ്സാ എന്ന് ഒട്ടും മടിച്ചില്ല ഉടനെ വന്നു മറുപടി ഉള്ളതെല്ലാം ഒണ്ട് കേട്ടോ രണ്ടു പേർക്കും തൃപ്തിയായി.ചന്തേൽ ഇറച്ചി വാങ്ങാൻ ചെന്ന വർക്കി ചേട്ടൻ ഇറച്ചി കടക്കാരനോട് ചോദിച്ചു ഇത് പോത്താണോ ..?ഉടനെ ഇറച്ചി കടക്കാരൻ പറഞ്ഞു ചേട്ടൻ പോത്താണെൽ കാശ് തന്നാൽ മതി എന്ന് രണ്ടു കൂട്ടർക്കും തൃപ്തിയായി .
ഈ ചടുലത ഇപ്പോൾ തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തപ്പോഴും കാണിക്കുന്നുണ്ട്. കൂട് വിട്ട് കൂട് മാറാം,വാർഡ് വിട്ട് വാർഡും മാറാം :വാർഡ് മാറി മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ . ഒത്താലൊരു ചെയർപേഴ്‌സൺ അത്രേയുള്ളൂ ഇട്ടിമാത്തൻ ജോയിയുടെ മകൾക്ക്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ