Kottayam

പാലാ നഗരസഭാ :ശിലാഫലകത്തിൽ പ്രതിപക്ഷത്തെ ലിസിക്കുട്ടി മാത്യുവിന്റെ പേരില്ല :ജോസഫ് ഗ്രൂപ്പ് കട്ടകലിപ്പിൽ

Posted on

പാലാ : നഗരസഭാ ക്യാൻ്റീൻ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം നഗരസഭാ കാര്യാലയത്തിൻ്റെ ഭിത്തിയിൽ പാലാ നഗരസഭ ഔദ്യോഗികമായി സ്ഥാപിച്ച ശിലാഫലകത്തിൽ കോൺഗ്രസ് അംഗവും നിലവിലെ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷയുമായ ലിസിക്കുട്ടി മാത്യുവിൻ്റെ പേര് സ്റ്റാൻ്റിംഗ് കമ്മറ്റിയംഗങ്ങളുടെ പേരിന് ഒപ്പം ചേർക്കാത്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരളാ കോൺഗ്രസ് ( ജോസഫ് ) വിഭാഗം കൗൺസിലർമാർ ആരോപിച്ചു.

ലിസിക്കുട്ടിയോടൊപ്പം സി പി ഐ യുടെ ഏക കൗൺസിലറും മരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയുമായ ആർ സന്ധ്യയുടെ പേരും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരുടെ ഭാഗത്ത് ചേർക്കാതെ വെട്ടി മാറ്റി കൗൺസിലർമാരുടെ പേരിൻ്റെ സ്ഥാനത്ത് ചേർത്തിരിക്കുകയാണ്. ഇരുവരും വിദേശത്തായതിനാലാണ് ശിലാഫലകത്തിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനത്ത് നിന്നും രണ്ട് പേരെയും ഒരുപോലെ ഒഴിവാക്കിയത് എന്നതാണ് ചെയർമാൻ്റെ ഇത് സംബന്ധിച്ച കൗൺസിലിൽ പരസ്യമായി പറഞ്ഞ അവകാശവാദം. വിദേശത്താണെങ്കിലും ഇരുവരും പാലാ നഗരസഭയിലെ ഉത്തരവാദിത്വപ്പെട്ട സ്റ്റാൻ്റിംഗ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. ‘

കുര്യാക്കോസ് പടവനും ബെറ്റി ഷാജുവുമടക്കമുള്ളവർ ചെയർമാൻമാരായിരുന്ന കാലഘട്ടത്തെ ഉദ്ഘാടനങ്ങളുടെ മാതൃക നിലവിലെ ചെയർമാനും കൂടെയുള്ളവരും പഠിക്കേണ്ടതാണ്.ഇത്തരം വില കുറഞ്ഞ പ്രവർത്തിയിലൂടെ നഗരസഭാ ചെയർമാൻ സ്വയം അപഹാസ്യനായി തീർന്നിരിക്കുകയാണ്. ഒരു സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻ വിദേശത്ത് പോയാൽ അക്കാരണത്താൽ ആ വ്യക്തിയെ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അല്ലാതാക്കുന്ന അപൂർവ്വ പ്രതിഭാസം കേരളത്തിൽ ആദ്യമായായി പാലായിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എല്ലാക്കാലവും അധികാരം ഒരേ കരങ്ങളിൽ ആയിരിക്കില്ല. പേര് വയ്ക്കാത്ത കൗൺസിലർമാർ മാന്യതയോർത്താണ് വിഷയത്തിൽ പ്രതികരിക്കാത്തത്. ബന്ധപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥർ ശിലാഫലകത്തിൽ ഇരുവരുടെയും പേര് യഥാസ്ഥാനത്ത് വയ്ക്കേണ്ടതാണ് എന്ന് പറഞ്ഞപ്പോൾ അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ച് അത് വെട്ടിയതാരാണെന്ന് തങ്ങൾക്കറിയാം.

നാണം കെട്ട തറ രാഷ്ട്രീയത്തിനും പകിടകളിക്കും പേര് കേട്ട പാലായിലെ നഗരഭരണാധികാരികളിൽ നിന്നും കൂടുതലൊന്നും പാലാക്കാരോടൊപ്പം തങ്ങളും പ്രതീക്ഷിക്കുന്നില്ല എന്നും പ്രതിപക്ഷ കൗൺസിലർമാരായ ജോസ് ഇടേട്ട് ,ലിജി ബിജു വരിക്കാനിക്കൽ, സിജി ടോണി മൂലയിൽ തോട്ടത്തിൽ എന്നിവർ സംയുക്ത പ്രസ്ഥാവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version