Kerala
മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള പാരിതോഷികം, ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്
മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള പാരിതോഷികം, ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പരമാവധി 2500 രൂപ എന്ന നിലവിലെ പരിധി എടുത്തുകളയാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കുറ്റക്കാർക്ക് ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്ന് തുക വിവരം നൽകുന്നവർക്ക് ഇനി ലഭിക്കും.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ടിയാണ് നടപടി. തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും പാരിതോഷികം ലഭിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ, എസ്പിസി കേഡറ്റുകൾ, കോളജ് വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗത്തെയും ഈ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കാൻ കഴിയണം. സിംഗിൾ വാട്ട്സാപ്പ് നമ്പറായ 9446700800 ൽ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. ഇത് കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രത്യേക കണ്ട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തത്തോടെ മാലിന്യസംസ്കരണ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാലിന്യം വലിച്ചെറിയുന്നതും, പൊതുസ്ഥലത്തെ മലിന്യ നിക്ഷേപം സംബന്ധിച്ചുമുള്ള 8674 പരാതികളാണ് ഇതുവരെ വാട്ട്സാപ്പ് നമ്പർ വഴി ലഭിച്ചത്. കൃത്യമായ വിവരങ്ങൾ സഹിതം ലഭിച്ച 5361 പരാതികൾ സ്വീകരിച്ചു. ഇതിൽ 4525 കേസുകളിലും മാലിന്യം നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് (84.41%). മാലിന്യം വലിച്ചെറിയുന്നവരുടെ വിശദാംശങ്ങളും തെളിവുകളുമുൾപ്പെടെ ലഭിച്ച 439 കേസുകളിൽ കുറ്റക്കാർക്ക് 33.5 ലക്ഷം രൂപ പിഴ ചുമത്തി. വാട്ട്സാപ്പിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 31 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഏറ്റവുമധികം പരാതികൾ റിപ്പോർട്ട് ചെയ്തത് എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ്. കുറവ് വയനാട് ജില്ലയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു