Kerala

സർക്കാരിൻ്റെ അവഗണയിൽ മനം മടുത്ത് ഒടുവിൽ കടപുഴയിൽ ജനകീയ പ്രതിഷേധ പാലം ഒരുക്കി നാട്ടുകാർ

Posted on

 

ഈരാറ്റുപേട്ട.മഴക്കാലത്ത് കടപുഴ ആറിന് അക്കര കടക്കാൻ ജനങ്ങളുടെ നേതൃത്വത്തിൽ താത്‌കാലിക പാലം തയ്യാറാകുന്നു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള യാത്രാസൗകര്യം പരിഗണിച്ചാണ് മൂന്നീലവ് പഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാർ താത്‌കാലിക പാലം നിർമിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ ഒരുഭാഗം ആറ്റിൽ പതിച്ചതോടെ കാൽനടയാത്ര പോലും മുടങ്ങിയിരുന്നു. മഴ ശക്തമാകുകയും മറുകരയിലുള്ളവർക്ക് മൂന്നിലവിലെത്താൻ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടിയും വന്നതോടെയാണ് ജനകീയപാലം തയ്യാറാകുന്നത്. 2011-ലെ മഴവെള്ളപ്പാച്ചിലിലാണ് പാലം അപകടാവസ്ഥയിലായത്. വാഹനഗതാഗതം സാധ്യമല്ലാതായിരുന്ന പാലത്തിലൂടെ മാർച്ചിൽ ക്രെയിൻ കടന്നുപോയതിനെത്തുടർന്നാണ് സ്ലാബുകൾ ആറ്റിൽ വീണത്.

തുടർന്ന് ആറ്റിലൂടെ ഇറങ്ങിക്കടക്കാവുന്ന തരത്തിൽ പഞ്ചായത്ത് വഴി തയ്യാറാക്കിയിരുന്നു. മഴയെത്തുടർന്ന് ഇത് സാധ്യമല്ലാതായി. തെങ്ങിൻതടികൾ ആറിന് കുറുകെ സ്ഥാപിച്ച് ഇതിൽ പലകകൾ നിരത്തിയാണ് താത്‌കാലിക നടപ്പാലം ഒരുക്കുന്നത്. സ്‌കൂൾ തുറക്കുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് അടിയന്തര നടപടി. പലക പാകിക്കഴിഞ്ഞെങ്കിലും കൈവരി പൂർത്തിയായില്ല. ഞായറാഴ്ചതന്നെ കൈവരിയും സ്ഥാപിച്ച് താത്‌കാലിക പാലം തുറന്നു നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് പറഞ്ഞു.

പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ റോസമ്മ തോമസ്‌ ഹൈക്കോടതിയിൽ കൊടുത്ത ഹർജി പരിഗണിക്കവേ രണ്ടുമാസത്തിനുള്ളിൽ എ.എസ്. കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ജൂൺ രണ്ടിന് ഈ ഹർജി വീണ്ടും പരിഗണിക്കാനിരിക്കവെയാണ് താൽക്കാലിക പാലം ഒരുങ്ങുന്നത്.കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എസ് സി ,എസ് ടി വിഭാഗക്കാർ താമസിക്കുന്ന പഞ്ചായത്താണ് മൂന്നിലവ് .ഈ പാലം പുനഃ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് എൽ ഡി എഫ് ;യു  ഡി എഫ് മുന്നണിയിലെ കക്ഷികൾ സമരം നടത്തിയിരുന്നെങ്കിലും എല്ലാം വൃഥാവിലാവുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version