Kerala

ഭാഗ്യാന്വേഷികളെ കബളിപ്പിക്കുന്ന സർക്കാർ നയത്തിനെതിരെ ഭാഗ്യക്കുറി ടിക്കറ്റ് കത്തിച്ച് പ്രതിഷേധിക്കുന്നു

Posted on

 

പാലാ: സര്‍ക്കാര്‍ ഭാഗ്യക്കുറി ഭാഗ്യാന്വേഷികളെയും, ജീവിക്കുവാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വില്പനക്കായി തെരുവുകള്‍തോറും അലയുന്ന സാധാരണക്കാരെയും വന്‍ചൂഷണം ചെയ്യുന്ന ലോട്ടറി വകുപ്പിന്റെ നിലപാടുകള്‍ക്കെതിരെ പാലാ പൗരാവകാശ സമിതിയുടെ നേതൃത്വത്തില്‍ ഭാഗ്യക്കുറി ടിക്കറ്റ് കത്തിച്ച് പ്രതിഷേധിക്കും. നാളെ  (16.05.2025-വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് പാലാ കുരിശുപള്ളി കവലയിലാണ് പ്രതിഷേധം നടക്കുന്നത്.

50 രൂപാ പ്രൈസ് ടിക്കറ്റ് നിര്‍ത്തലാക്കുക, വെട്ടിക്കുറച്ച കമ്മീഷന്‍ തുക പുനഃസ്ഥാപിക്കുക, വെട്ടിക്കുറച്ച സമ്മാനങ്ങള്‍ പുനഃസ്ഥാപിക്കുക, ദുഖഃവെള്ളി, ഈസ്റ്റര്‍, വിഷു, ഓണം, ക്രിസ്മസ് പോലുള്ള വിശേഷ ദിവസങ്ങളില്‍ ലോട്ടറിക്കും അവധി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടക്കുന്നത്.

ടിക്കറ്റിന് 30, 40 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ടിക്കറ്റുവിലയേക്കാള്‍ ഇരട്ടിയിലധികം (100 രൂപാ) ചെറിയ സമ്മാനമായി നല്‍കിയിരുന്നതാണ്. എന്നാല്‍ ടിക്കറ്റിന് 50 രൂപാ വിലയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ ഏറ്റവും ചെറിയ പ്രൈസായി 50 രൂപാ മാത്രമാണ് നല്‍കുന്നത്. പല കാരണങ്ങള്‍ കൊണ്ട് വന്നിട്ടുള്ള കടങ്ങള്‍ വീട്ടാമെന്ന പ്രതീക്ഷയില്‍ ടിക്കറ്റെടുക്കുന്ന ഭാഗ്യാന്വേഷികളെയും, വൃദ്ധരും രോഗികളും വികലാംഗരുമായ അനേകര്‍ ജീവിക്കാന്‍വേണ്ടി വെയിലും മഴയും, വാഹനങ്ങള്‍ ഓടുമ്പോഴുള്ള പൊടിക്കാറ്റും ഏറ്റുവാങ്ങി സഹിച്ചും, തെരുവുകളില്‍ അലഞ്ഞുനടന്ന് പലവട്ടം ആളുകളെ സമീപിച്ച് ലോട്ടറി വിറ്റ് നടക്കുന്ന ഇവര്‍ക്ക് ഒരു രൂപാ പോലും കൂട്ടിനല്‍കാതെ ടിക്കറ്റുകളുടെ നിലവില്‍ ഉണ്ടായിരുന്ന കമ്മീഷന്‍തുക പോലും കുറച്ചും വന്‍ചൂഷണം നടത്തുകയാണെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പറഞ്ഞു.

എ.സി. റൂമുകളിലും, എ.സി. കാറുകളിലും ഇരുന്ന് ഭീമമായ ശമ്പളവും പല ആനുകൂല്യങ്ങളും വാങ്ങി സുഖിക്കുന്നവര്‍ വല്ലപ്പോഴും റോഡില്‍ ഇറങ്ങി നടന്ന് തെരുവുകളില്‍ ലോട്ടറി വില്‍ക്കുന്നവരുടെ ജീവിതാവസ്ഥ മനസ്സിലാക്കണമെന്നും ജോയി കളരിക്കല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version