Kerala

ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ വിശ്വസ്തതയോടെ നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ പ്രതിജ്ഞാബദ്ധമെന്ന് പാകിസ്ഥാൻ പ്രധാന മന്ത്രി ഷഹബാസ് ഷെരീഫ് 

Posted on

ഇസ്ലാമാബാദ്: ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതിനു പിന്നാലെ പാക്കിസ്ഥാന്‍ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക്കിസ്ഥാന്‍ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ വിശ്വസ്തതയോടെ നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കരാര്‍ ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷഹബാസ് ഷെരീഫ് പറഞ്ഞു.

‘‘ഞങ്ങളുടെ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നു. ഇന്ത്യയാണ് ലംഘനങ്ങൾ നടത്തുന്നത്. വെടിനിർത്തൽ സുഗമമായി നടപ്പിലാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികർ സംയമനം പാലിക്കണം’’ – ഷഹബാസ് ഷെരീഫ് പറഞ്ഞു.‌ രാജസ്ഥാനിലെ ബാർമർ, ജമ്മു കശ്മീരിലെ ബാരാമുള്ള എന്നിവിടങ്ങളിൽ ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാറിനെ പ്രശംസിക്കുകയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറയുകയും ചെയ്തിരുന്നു. ‘‘മേഖലയിലെ സമാധാനത്തിനായി പ്രസിഡന്റ് ട്രംപ് മുൻകയ്യെടുത്ത് നടത്തിയ നീക്കത്തിന് ഞങ്ങൾ നന്ദി പറയുന്നു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി നിലപാടെടുത്ത അമേരിക്കയെ അഭിനന്ദിക്കുന്നു’’ – ഷഹബാസ് ഷെരീഫ് എക്‌സിൽ കുറിച്ചു.

ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പിന്തുണ നൽകിയ രാജ്യങ്ങൾക്കും ഷഹബാസ് ഷെരീഫ് നന്ദി പറഞ്ഞു. സിന്ധു നദീ ജലവിഭജനം, കശ്മീർ വിഷയം, മറ്റ് തർക്കവിഷയങ്ങൾ എന്നിവയും വൈകാതെ പരിഹരിക്കപ്പെടുമെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version