India

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

Posted on

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും പ്രതിരോധ മന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന കൃത്യമായ സൂചനയും പ്രതിരോധമന്ത്രി യോഗത്തില്‍ നല്‍കി. ഇതോടെ ഇന്ത്യ എന്തും നേരിടാന്‍ തയ്യാറായി മുന്നോട്ടു പോകുന്നു എന്നാണ് പുറത്തുവരുന്ന സൂചന.

ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രം ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചു. രഹസ്യ സ്വഭാവമുള്ള ചില വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യോഗത്തില്‍ കേന്ദ്രത്തിന് പറയാനുള്ളത് കേട്ടു. പ്രതിസന്ധി സമയത്ത് കേന്ദ്രത്തിനൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനും ഭീകരവിരുദ്ധ നടപടികള്‍ക്കും പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കിയെന്ന് ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജജുവും വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തില്‍ എല്ലാ നേതാക്കളും പക്വത കാണിച്ചു. സേനയെ ഏവരും പ്രശംസിച്ചു. ഭീകരവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള നടപടികള്‍ക്ക് പ്രതിപക്ഷം ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കിരണ്‍ റിജിജു അറിയിച്ചു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ സൈനികരുടെ ധൈര്യത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ യോഗത്തില്‍ വിശദീകരിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലാണ് രാവിലെ സര്‍വകക്ഷി യോഗം ചേര്‍ന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, മന്ത്രിമാരായ ജെ.പി. നദ്ദ, നിര്‍മ്മല സീതാരാമന്‍, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ്വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവ്, എഎപിയുടെ സഞ്ജയ് സിംഗ്, ശിവസേനയുടെ സഞ്ജയ് റാവത്ത്, എന്‍സിപിയുടെ സുപ്രിയ സുലെ, എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി, ബിജെഡിയുടെ സസ്മിത് പത്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version