Kerala

ഇന്തോ- പാക്ക് യുദ്ധമുണ്ടായാല്‍, ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശ് ആക്രമിച്ച് കീഴടക്കും:മുൻ ബംഗ്ലാദേശ് മേജർ

Posted on

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുമ്പോള്‍, ഇന്ത്യക്കെതിരെ അതിര്‍ത്തി രാജ്യങ്ങളുടെ കൂട്ടായ്മ രൂപപ്പെടുന്നതായി ആശങ്ക. പാക്കിസ്ഥാന്‍- ബംഗ്ലാദേശ്- ചൈന എന്നീ രാഷ്ട്രങ്ങള്‍ ചേരുന്നുള്ള ഒരു അച്ചുതണ്ടിനെ കുറിച്ചാണ് സംശയം ബലപ്പെടുന്നത്.

ഇതില്‍ ചൈന നേരത്തെ തന്നെ ഇന്ത്യക്ക് എതിരാണ്. പണവും ആയുധവും നല്‍കി, പാക്കിസ്ഥാനെ സഹായിക്കുകയാണ് കമ്യൂണിസ്റ്റ് ചീന ചെയ്യുന്നത്. മാത്രമല്ല, പാക്കിസ്ഥാനില്‍ ബില്‍ട്ട് റോഡ് പദ്ധതിയുടെയൊക്കെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ചൈനക്കുണ്ട്. ഗില്‍ജിത്ത്- ബള്‍ട്ടിസ്ഥാന്‍ മേഖലയൊക്കെ ചൈനയുടെ കോളനി പോലെയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബംഗ്ലാദേശിലെ സ്ഥിതി അങ്ങനെയായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഷേഖ് ഹസീനയുടെ സര്‍ക്കാര്‍ പുറത്താവുന്നതുവരെ ബംഗ്ലാദേശ് ഭരണകൂടത്തിന് ഇന്ത്യയോട് അടുത്ത ബന്ധമായിരുന്നു. മാത്രമല്ല, 1971-ല്‍ ഇന്ത്യ രക്തം ചിന്തി പാക്കിസ്ഥാനില്‍ നിന്ന് മോചിപ്പിച്ചെടുത്ത രാഷ്ട്രം കൂടിയാണ് ബംഗ്ലാദേശ്. പക്ഷേ ഷേഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ പുറത്തായതോടെ അവിടെ മതമൗലികവാദികള്‍ക്കാണ് മേല്‍ക്കെ ലഭിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെയൊക്കെ നേതൃത്വത്തില്‍ വലിയ ന്യൂനപക്ഷ വേട്ടയാണ് അവിടെ നടന്നത്. നൂറുകണക്കിന് നിരപരാധികളായ ഹിന്ദുക്കളും, ക്രിസ്ത്യാനികളുമാണ് കൊല്ലപ്പെട്ടത്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ബംഗ്ലാദേശ് തലവനെവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു.

എന്നാല്‍ നൊബേല്‍ സമ്മാന ജേതാവ്, സാമ്പത്തിക വിചക്ഷണനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോഴും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇസ്ലാമിസ്റ്റുകളുടെ കൈയിലെ കളിപ്പാവയായി യൂനുസും മാറുന്ന കാഴ്ചയാണ് കാണാനായത്. ഇപ്പോഴിതാ യൂനുസിന്റെ അടുത്ത അനുയായിയായ മുന്‍ പട്ടാള മേജര്‍ ഇന്ത്യക്കെതിരെ കൊലവിളിയും ഉയര്‍ത്തിയിരിക്കയാണ്.

പഹല്‍ഗാമിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ബംഗ്ലാദേശ് വെറുതെയിരിക്കില്ലെന്ന് ബംഗ്ലാദേശ് റൈഫിള്‍സിന്റെ മുന്‍ തലവന്‍ കൂടിയായ മേജര്‍ ജനറല്‍ ഫസലുര്‍ റഹ്‌മാന്‍ പറഞ്ഞത് വന്‍ വിവാദമായി. ഇന്തോ- പാക്ക് യുദ്ധമുണ്ടായാല്‍, ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശ് ആക്രമിച്ച് കീഴടക്കും എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ അടുത്ത അനുയായിയാണ് ഇദ്ദേഹമെന്നത് പ്രസ്താവനയുടെ ഗൗരവും വര്‍ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version