Kottayam

ഓര്‍മകളില്‍ നിറഞ്ഞ് കെ.എം. മാണി,സമൃതി സംഗമത്തിന് ആയിരങ്ങള്‍

Posted on

കോട്ടയം : പ്രിയ നേതാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഒരിക്കല്‍ കൂടി കേരളം ഒത്തു ചേര്‍ന്നു. കെ.എം. മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിര്‍ണായകമായ സ്ഥാനമുള്ള കോട്ടയം തിരുനക്കര മൈതാനത്ത് മണ്‍മറഞ്ഞ നേതാവിനുള്ള ആദരവ് അര്‍പ്പിക്കുന്നതിനായി ആയിരങ്ങള്‍ ഒത്തു കൂടി. ആറാമത് ‘കെ.എം. മാണി സ്മൃതി സംഗമം’ വന്‍ ജനാവലിയുടെ സാന്നിധ്യം കൊണ്ടും സംഘാടന മികവും കൊണ്ടും ശ്രദ്ധേയമായി. രാവിലെ തുടങ്ങിയ പുഷ്പാര്‍ച്ചന നിശ്ചിത സമയവും കടന്നു മുന്നോട്ട് പോയത് കെ എം മാണിയോടുള്ള പ്രവര്‍ത്തകരുടെ സ്‌നേഹത്തിന്റെ സാക്ഷ്യമായി.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസിന്റെ സമാരാധ്യ നേതാവുമായ കെ.എം. മാണിയുടെ ഉജ്വല സ്മരണകള്‍ ഉണര്‍ത്തി അദ്ദേഹത്തിന്റെ ആറാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള കോണ്‍ഗ്രസ് (എം) ആഭിമുഖ്യത്തിലാണ് ”സ്മൃതിസംഗമം” സംഘടിപ്പിച്ചത്. വേദി ഒഴിവാക്കി നടന്ന ചടങ്ങില്‍ കെ.എം. മാണിയുടെ ഛായാചിത്രത്തിന് മുന്നില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍മാരായ ഗവ. ചീഫ് വിപ്പ് പ്രൊഫ എന്‍ ജയരാജ്, തോമസ് ചാഴികാടന്‍ എക്‌സ്.എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, എംഎല്‍എമാരായ അഡ്വ. ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോണി നെല്ലൂര്‍ എക്‌സ്.എം.എല്‍.എ, ജനറല്‍ സെക്രട്ടറി സണ്ണി തെക്കേടം, ഉന്നതാധികാരസമിതി അംഗം ജെന്നിംഗ്സ് ജേക്കബ്, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു തുടങ്ങിയ നേതാക്കള്‍ ആദ്യാവസാനം സന്നിഹിതരായിരുന്നു.

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി ടി. ആര്‍. രഘുനാഥ്, സിപിഎ കോട്ടയം ജില്ലാ സെക്രട്ടറി വി. ബി. ബിനു, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനില്‍കുമാര്‍, എല്‍ഡിഎഫ് പാലാ നിയോജക മണ്ഡലം കണ്‍വീനര്‍ ബാബു കെ. ജോര്‍ജ്, എം. ജി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം. വി. ജോര്‍ജ്, എല്‍ ഡി എഫ് ജില്ലാ നേതാക്കളായ എം. ടി. കുര്യന്‍, രാജീവ് നെല്ലിക്കുന്നേല്‍, പി കെ ആനന്ദകുട്ടന്‍ തുടങ്ങിയ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

രാവിലെ 9.30 ഓടെ ചെയര്‍മാന്‍ ജോസ് കെ. മാണി എംപി വിളക്ക് തെളിയിച്ചു പുഷ്പാര്‍ച്ചന നടത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വരിവരിയായി നിന്ന് പാര്‍ട്ടി പ്രതിനിധികളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള നേതാക്കന്‍മാരും പ്രവര്‍ത്തകരുമുടക്കം പതിനായിരത്തോളം പേരാണ് ചടങ്ങിന്റെ ഭാഗമായത്. തികഞ്ഞ അച്ചടക്കത്തോടെ ഉച്ചക്ക് രണ്ടുവരെ നീണ്ട സംഗമത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രിയപ്പെട്ട നേതാവിന്റെ ഛായാചിത്രത്തിന് മുന്നില്‍ പൂക്കള്‍ അര്‍പ്പിച്ചു മടങ്ങി. രാവിലെ 9 മണിയോടെ തുടങ്ങിയ ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സമാപിച്ചത്.

രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന കുര്‍ബാനയില്‍ ഭാര്യ കുട്ടിയമ്മ അടക്കമുള്ള കുടുംബാംഗങ്ങളും മന്ത്രിയും എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. തുടര്‍ന്നു കല്ലറയില്‍ എത്തി പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version