Kottayam

സമഗ്ര മാലിന്യ സംസ്കരണത്തിനും സമസ്ത വികസനവും ലക്ഷ്യമിട്ട് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്

Posted on

പാലാ: ഇടമറ്റം: സമ്പൂർണ്ണ മാലിന്യ സംസ്കരണ ലക്ഷ്യം സാധ്യമാക്കുന്നിന് തയ്യാറെടുപ്പ് നടത്തിക്കൊണ്ട് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ 2025- 26 വർഷത്ത ബജറ്റ് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അവതരിപ്പിച്ചു.എല്ലാ തരത്തിലുമുള്ള അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുമള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് ഗ്രാമ പഞ്ചായത്ത് ശ്രദ്ധിക്കുന്നതെന്നും സമസ്ത മേഖലകളിലും സമ്പൂർണ്ണ വികസനം സാധ്യമാക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത് എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുന്നൂസ് പോൾ പറഞ്ഞു. 2025-26 വർഷത്തെ ആകെ ബജറ്റ് അടങ്കൽ മുൻ ബാക്കി ഉൾപ്പെടെ പതിനാറ് കോടി അറുപത്തി നാല് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി നാനൂറ്റി എഴുപത്തി ഏഴ് രൂപ ആണ്. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ എല്ലാ ഗുണഭോക്താകൾക്കും വീടു നൽകിയ കേരളത്തിലെ ആദ്യ പഞ്ചായത്തായ മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ഇനി ഭൂരഹിത ഭവനരഹിതർക്ക് വീടു വയ്ക്കുന്നതിനായി മൂന്ന് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

കാർഷിക മേഖലയിൽ വിവിധ പദ്ധതികൾക്കായി ഇരുപത്തിഅഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വനിതാ വികസനത്തിനായി ഇരുപത്തി അഞ്ചു ലക്ഷം രൂപയും പശ്ചാത്തല മേഖലയിലെ നിർമ്മാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി അമ്പതു ലക്ഷം രൂപയുമാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു റ്റി.ബി, ഇന്ദു പ്രകാശ്, സാജോ പൂവത്താനി, ജോയി കുഴിപ്പാല, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, വിഷ്ണു പി.വി, ജയശ്രീ സന്തോഷ്, ബിന്ദു ശശികുമാർ, സെക്രട്ടറി സീന പി. ആർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version