Kottayam

ജനപ്രതിനിധികൾ പൊതുപ്രവർത്തനം ദൈവനിയോഗമായി കാണണം; നിസ്വാർത്ഥമായി നിർവ്വഹിക്കണം: ബിഷപ്പ് മാർ ജോസ് പുളിക്കൽ

Posted on

 

കോട്ടയം :പൊതുജനങ്ങൾക്ക് സേവനം ചെയ്യാൻ നിശ്ചിത കാലത്തേക്ക് ജനങ്ങളാൽ നിയോഗിക്കപ്പെടുന്നവർ, അതൊരു ദൈവികമായ വിളിയും ജീവിത നിയോഗവുമായി കാണണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു; ധാർമികതയിലൂന്നിയ മനസ്സാക്ഷി രൂപീകരിച്ച്, രാഷ്ട്രനിർമ്മാണത്തിൽ ക്രിയാത്മകമായി ഇടപെടാൻ ഇത് വഴിയൊരുക്കും. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിൽ നിന്ന് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട് സ്തുത്യർഹമായ സാമൂഹ്യ സേവനം നടത്തിയ ഓരോ വനിതകളെ ആദരിക്കുന്നതിനായി, കെ.സി.ബി.സി.യുടെ ജസ്റ്റിസ്, പീസ് ആൻ്റ് ഡവലപ്പ്മെന്റ് കമ്മീഷൻ കോട്ടയത്ത് ആമോസ് സെന്ററിൽ വച്ച് സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

സാമൂഹ്യ തിന്മകൾ എല്ലാ അതിരുകളും ഭേദിച്ച് നിറഞ്ഞാടുന്ന ഇക്കാലത്ത് സമൂഹത്തിൽ ക്രൈസ്തവ മൂല്യങ്ങളുടെ പുളിമാവാകുവാൻ തയ്യാറാകണമെന്ന് ബിഷപ്പ് പ്രതിനിധികളെ ഉദ്ബോധിപ്പിച്ചു. കെസിബിസിയുടെ ആദര സൂചകമായി ബിഷപ്പ് മെമെൻ്റോ നല്കി. കേരളാ സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്ന വനിതാ സ്ത്രീശാക്തീകരണ പ്രസ്ഥാനമായ ദർശൻ്റെ സംസ്ഥാന അദ്ധ്യക്ഷ റാണി ചാക്കോ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് മുഖ്യാതിഥിയായിരുന്നു.

ദർശൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജെസ്സി റെജി, സെക്രട്ടറി പ്രമീള ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ‘സമഗ്ര നേതൃപാടവം സമൂഹ്യ ഉന്നമനത്തിനായി’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ പാലാ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റിസ് കൂനാനിക്കൽ നയിച്ചു. കേരളാ സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതമാശംസിച്ചു. പ്രോഗ്രാം ഓഫീസർ സജോ ജോയി, മാനേജർ വിശാൽ ജോസഫ്, ജിൻസ്മോൻ ജോസഫ് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version