Kerala

അനൂപിന്റെ മർദനം സഹിക്കാനാകാതെയാണു പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങിയത്.; എന്നാൽ പെൺകുട്ടി പിടയ്ക്കുന്നതു കണ്ട പ്രതി ഷോൾ അറുത്ത് താഴെയിടുകയായിരുന്നു

Posted on

ചോറ്റാനിക്കര: പോക്സോ കേസിലെ അതിജീവിത ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി അനൂപിനെതിരെ (24) കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്താൻ പൊലീസ് നിയമോപദേശം തേടി. അനൂപിന്റെ മർദനം സഹിക്കാനാകാതെയാണു പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങിയത്. എന്നാൽ പെൺകുട്ടി പിടയ്ക്കുന്നതു കണ്ട പ്രതി ഷോൾ അറുത്ത് താഴെയിടുകയായിരുന്നു. പെൺകുട്ടിയുടെ മരണകാരണം കെട്ടിത്തൂങ്ങിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കൊലക്കുറ്റം ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചത്.

അബോധാവസ്ഥയിലായ പെൺകുട്ടിക്കു കൃത്യസമയത്തു വൈദ്യസഹായം നൽകാൻ പ്രതി തയാറാകാതിരുന്നതും ആരോഗ്യനില മോശമാക്കി. മരണത്തിനു മുൻപു പെൺകുട്ടിക്കു ക്രൂരമായ മർദനമേറ്റിട്ടുണ്ട്. എറണാകുളം ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് പെൺകുട്ടി നേരിട്ട മർദനത്തിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ലൈംഗിക അതിക്രമത്തിനും ശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ കഴുത്തിൽ കുരുക്കിട്ടതിനെ തുടർന്നുണ്ടായ പരുക്കാണ് മരണകാരണമെന്നതും കെട്ടിത്തൂങ്ങാൻ ശ്രമിച്ചപ്പോൾ പ്രതി ഷാൾ മുറിച്ചു താഴെയിട്ടു എന്നതുമാണ് കൊലക്കുറ്റം ചുമത്താതിരിക്കാനുള്ള കാരണമായി പൊലീസ് പറയുന്നത്. എന്നാൽ എഫ്ഐആറിൽ പ്രതിക്കെതിരെ വധശ്രമവും ബലാൽസംഗവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു.

റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കും. പെൺകുട്ടിയുടെ സംസ്കാരം തൃപ്പൂണിത്തുറ നടമേൽ മർത്തമറിയം യാക്കോബായ പള്ളിയിൽ നടത്തി. അനൂപ് ജേക്കബ് എംഎൽഎ അടക്കം ഒട്ടേറെ ജനപ്രതിനിധികൾ വീട്ടിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. സംഭവം നാടിന് അപമാനമാണെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version