Kerala
നവീന്‍ ബാബു വിഷയത്തില്‍ സിഐടിയു സംസ്ഥാന സമിതി അംഗവും സിപിഐഎം നേതാവുമായ മലയാലപ്പുഴ മോഹനനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
പത്തനംതിട്ട: നവീന്‍ ബാബു വിഷയത്തില്‍ സിഐടിയു സംസ്ഥാന സമിതി അംഗവും സിപിഐഎം നേതാവുമായ മലയാലപ്പുഴ മോഹനനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.
നവീന്‍ ബാബു വിഷയത്തില്‍ നിലപാട് പറയാന്‍ മലയാലപ്പുഴ മോഹനനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നില്ല. പാര്‍ട്ടി മേല്‍വിലാസം ഉപയോഗിച്ച് മലയാലപ്പുഴ മോഹനന്‍ ശുദ്ധ അസംബന്ധം പറഞ്ഞു. മലയാലപ്പുഴ മോഹനന്‍ സിപിഐ ആണെന്നാണ് താന്‍ ആദ്യം കരുതിയത്.പിന്നീടാണ് സിപിഐഎം ആണെന്ന് അറിഞ്ഞത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പം തന്നെയാണ് പാര്‍ട്ടിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
നേരത്തെ ജില്ലാ സമ്മേളന പ്രതിനിധികളില്‍ ചിലരും മലയാലപ്പുഴ മോഹനനെ വിമര്‍ശിച്ചിരുന്നു. പത്തനംതിട്ട, കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ക്ക് രണ്ട് നിലപാട് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും നവീന്‍ ബാബു വിഷയത്തില്‍ ചിലര്‍ വക്താക്കളായി ചമഞ്ഞു എന്നുമാണ് വിമര്‍ശനം. പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചയില്‍, കൊടുമണ്‍ ഏരിയ കമ്മിറ്റിയില്‍ നിന്നാണ് വിമര്‍ശനം ഉയര്‍ന്നത്. നവീന്‍ ബാബു വിഷയത്തില്‍ ജില്ലാ കമ്മിറ്റിയുടേത് നല്ല നിലപാട് ആയിരുന്നു എന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി.