India
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ഗ്വാട്ടിമാലയിൽ ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റ. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഗ്വാട്ടിമാലയിലെ എൽ ജോക്കോട്ട് ഗ്രാമത്തിലാണ് സംഭവം. യൂലെയ്ഡി ഇക്സ്റ്റോയാക് എന്ന പെൺകുട്ടിയാണ് മരണത്തിൽ നിന്ന് ഉയർത്തെഴുനേറ്റത്. സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഒക്ടോബർ 10 -നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പത്താം തിയതി പുലർച്ചെയോടെ അസ്വസ്ഥത അനുഭവപ്പെട്ട യൂലെയ്ഡിക്ക് കടുത്ത നെഞ്ചുവേദനയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. പിതാവ് അബ്രഹാം ഇക്സ്റ്റോയാക് ടോജിൻ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അവൾക്ക് ശ്വാസമില്ലെന്നും കൈത്തണ്ടയിൽ നാഡിമിടിപ്പ് അനുഭവപ്പെടുന്നില്ലെന്നും കരുതി. തുടർന്ന് ആശുപത്രിയിലെത്തിക്കാതെ മരണം സംഭവിച്ചതായി വിശ്വസിച്ച് കുടുംബം പുതിയൊരു ശവപ്പെട്ടി വാങ്ങി വീട്ടിൽ അന്ത്യാഞ്ജലി ചടങ്ങുകൾ ഒരുക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഏകദേശം എട്ടുമണിക്കൂറിന് ശേഷം ബന്ധുക്കളും നാട്ടുകാരും ഒത്തുകൂടിയ ചടങ്ങിനിടെയാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. മകൾ കിടന്നിരുന്ന ശവപ്പെട്ടിക്കരികിൽ കരഞ്ഞുകൊണ്ടിരുന്ന അമ്മ ലെസ്വിയ റിയോസ്, അകത്ത് എന്തോ അനങ്ങുന്നതായി ശ്രദ്ധിച്ചു. തുടർന്ന് അവർ ശവപ്പെട്ടിയുടെ ചെറിയൊരു കിളിവാതിൽ തുറന്നപ്പോൾ പെൺകുട്ടി അനങ്ങുന്നതായി കണ്ടെത്തി. നിമിഷങ്ങൾക്കകം അവൾ എഴുന്നേറ്റതോടെ ബന്ധുക്കൾ അമ്പരന്നു. പിന്നീട്, ശവപ്പെട്ടി തുറന്ന് അവളെ പുറത്തെടുത്ത് വെള്ളം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
‘മരണ’ത്തിന് മുമ്പ് നെഞ്ചിൽ കനത്ത വേദന അനുഭവപ്പെട്ടതായും പിന്നീട് ബോധം നഷ്ടപ്പെട്ടതായും യൂലെയ്ഡി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൻറെ വൈദ്യശാസ്ത്രപരമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വീഡിയോയ്ക്ക് താഴെ ഡോക്ടർ മരണം സ്ഥിരീകരിക്കുന്നതിനും ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും മുമ്പ് കുടുംബം ധൃതിപിടിച്ച് അന്ത്യകർമ്മങ്ങൾ തുടങ്ങിയതെന്തിനെന്ന് നിരവധി പേരാണ് ചോദിച്ചത്. മറ്റ് ചിലർ ഇതൊരു അത്ഭുതമാണെന്ന് കുറിച്ചപ്പോൾ. ഡോക്ടറുടെയോ ആശുപത്രിയുടേയോ സഹായം തേടാത്തതിനെ മറ്റുചിലർ വിമർശിച്ചു.
“ജീവനോടെയിരിക്കുമ്പോൾ അബദ്ധത്തിൽ മരിച്ചുവെന്ന് കരുതി എന്നെ അടക്കം ചെയ്യുകയും, പിന്നീട് ഞാൻ ഉണരുമ്പോൾ മണ്ണിനടിയിലാവുകയും ചെയ്താൽ എന്ത് ചെയ്യും? അതുകൊണ്ടാണ് മരിച്ചാൽ എന്നെ ദഹിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്,” എന്ന് മറ്റൊരു ഉപയോക്താവ് ഭയത്തോടെ അഭിപ്രായപ്പെട്ടു.