Kerala

ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

Posted on

 

 

ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ വ്യാജമാണെന്ന മുൻ ഡി ജി പി യും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുൻ ഡി ജി പി പദവിയിലിരുന്ന ഒരാൾ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും ശ്രീലേഖ തന്റെ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ശ്രീലേഖയ്ക്ക് എന്തു പറ്റി? ഡി ജി പിയായി ഇരുന്ന ആളാണ്. ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ? അവർ ഇരുന്ന സ്ഥാനത്തെക്കുറിച്ച് ചിന്തിക്കണ്ടേ? കേരള പൊലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. ജൂൺ രണ്ടിന് ആരംഭിച്ച ഓപ്പറേഷൻ തൂഫാനെ കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ പിന്തുണയ്ക്കുന്നുണ്ട്‌. ലഹരിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും നിർണായകമാണ്. കേരള പൊലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കി.

ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശവും പിൻവലിച്ച് മാപ്പുപറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. “ഒരു ദിവസം രാജിവയ്ക്കും, പിന്നെ പിൻവലിക്കും. അവർക്ക് എന്തോ ഗുരുതര പ്രശ്നമുണ്ട്,” എന്നും അദ്ദേഹം പ്രതികരിച്ചു.

NSU(l) നേതാവും നിയമവിദ്യാർത്ഥിനിയുമായ ആതിരയ്ക്കെതിരെ ഡൽഹി പൊലീസ് നടത്തിയ നടപടിയെ ആഭ്യന്തരമന്ത്രി രൂക്ഷമായി വിമർശിച്ചു. ഡൽഹി പൊലീസിന്റെ പെരുമാറ്റം വളരെ മോശമായിരുന്നു. ആതിരയെ അതിക്രൂരമായി മർദിച്ചു. ശരീരമാകെ പരിക്കുകളുണ്ട്‌. വസ്ത്രങ്ങൾ കീറി. പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ ശ്രദ്ധിച്ചില്ല. തുടർന്നാണ്‌ ആതിര പരാതി തനിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ചത്‌. ആതിരയുടെ പരാതിയിൽ മ്യൂസിയം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

സമരങ്ങളിൽ പങ്കെടുക്കുന്നതും പ്രതിഷേധിക്കുന്നതും കുറ്റകരമായ കാര്യമല്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം പ്രധാനമാണ്. അതിന്റെ പേരിൽ ഒരാൾക്കെതിരെ അതിക്രമം നടക്കുകയോ പരാതി അവഗണിക്കപ്പെടുകയോ ചെയ്യുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും ആതിരയുടെ പരാതിയിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version