Kerala

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിവിൽ സ്‌റ്റേഷൻ അനക്‌സ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് 

Posted on

 

പാലാ : വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിവിൽ സ്‌റ്റേഷൻ അനക്‌സ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്  ന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കുമെന്ന് മാണി സി.കാപ്പൻ എംഎൽഎ അറിയിച്ചു. നെല്ലിയാനിയിലെ സിവിൽ സ്‌റ്റേഷൻ അനക്‌സിലേക്ക് മാറ്റുന്ന വിവിധ ഓഫിസുകളുടെ ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും. മാണി സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, എം.ജെ.സെബാസ്റ്റ്യൻ എംഎൽഎ, കലക്‌ടർ ചേതൻ കുമാർ മീണ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.

3 നിലകളിലായി വിഭാവനം ചെയ്‌ത കെട്ടിടത്തിൻ്റെ 1166.7 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ഗ്രൗണ്ട് ഫ്ലോർ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ഇവിടേക്ക് ജോ. ആർടി ഓഫിസ്, താലൂക്ക് വ്യവസായ ഓഫിസ് എന്നിവയാണ് മാറ്റുന്നത്. തിരഞ്ഞെടുപ്പ് വിഭാഗം ‌സ്റ്റോറും ഇവിടെയാണ്. എക്സൈസ് വിഭാഗം ഇവിടം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും കുറച്ചുകൂടി സ്‌ഥലം അനുവദിക്കണമെന്ന ആവശ്യത്തിലാണ്. ഡ്രൈവേഴ്‌സ് റൂം, ഇലക്ട്രിക്കൽ റൂം, പൊതുജനങ്ങൾക്കുൾപ്പെടെ 11 ശുചിമുറികൾ എന്നിവയെല്ലാം സജ്‌ജീകരിച്ചിട്ടുണ്ട്.

2012ൽ 3 കോടി രൂപയുടെ ഭരണാനുമതിയും 2015ൽ സാങ്കേതിക അനുമതിയും ലഭിച്ച കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ 2019ൽ പൂർത്തിയായി. എന്നാൽ തുക തികയാത്തതിനെ തുടർന്ന് സംരക്ഷണ ഭിത്തി നിർമാണത്തിനും ഗ്രൗണ്ട് ഫ്ലോർ നിർമാണ പൂർത്തീകരണത്തിനുമായി 2020ൽ 3.50 കോടി രൂപ കൂടി അനുവദിച്ചു. 2023ൽ ജോലികളെല്ലാം പൂർത്തിയാക്കിയെങ്കിലും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ മാറ്റാത്തതിനാൽ കെട്ടിടം ഉദ്ഘാടനം ചെയ്യാനായില്ല.

സിവിൽ സ്‌റ്റേഷൻ അനക്സ‌് കെട്ടിടത്തിൻ്റെ മുൻഭാഗത്ത് 40 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. കെട്ടിടത്തിന്റെ പിന്നിലെ മണ്ണ് നീക്കം ചെയ്യുന്നതോടെ 20 വാഹനങ്ങൾക്കുകൂടി പാർക്കിങ് സൗകര്യം ലഭിക്കും. 2012 ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്ന കെ.എം. മാണിയാണ് സിവിൽ സ്‌റ്റേഷൻ അനക്സ് നിർമാണത്തിനു തുടക്കം കുറിച്ചതെന്ന് മാണി സി.കാപ്പൻ എംഎൽഎ പറഞ്ഞു. 3 വർഷം മുൻപ് നിർമാണ ജോലികൾ മുഴുവൻ പൂർത്തീകരിച്ചെങ്കിലും ഗവ. ഓഫിസുകൾ ഇവിടേക്ക് മാറ്റാൻ എൽഡിഎഫ് സർക്കാർ തയാറായില്ല. കെട്ടിടവും പരിസര പ്രദേശവും കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി വി.ഡി.സതീശൻ, റവന്യു മന്ത്രി എ.പി.അനിൽകുമാർ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് കെട്ടിടം തുറന്നു കൊടുക്കാനും ഓഫിസുകൾ മാറ്റാനും തീരുമാനം ആകുകയായിരുന്നുവെന്നും മാണി സി.കാപ്പൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version