

പാലാ നഗരസഭയിലെ ആറാം വാർഡിൽ പഴയ ഡമ്പിങ് യാർഡ് നിലനിന്നിരുന്ന സ്ഥലത്തേക്ക് വീണ്ടും നഗരസഭാ മാലിന്യങ്ങൾ എത്തിക്കാനുള്ള LDF ഭരണസമിതി തീരുമാനം അനുവദിക്കില്ല – യു.ഡി.എഫ് പാർലമെന്ററി പാർട്ട

പാലാ: പാലാ നഗരസഭയിൽ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ച ആറാം വാർഡിലെ കാനാട്ടുപാറ ഡമ്പിങ് സ്റ്റേഷന്റെ പ്രവർത്തനം നിരവധി പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും രാഷ്ട്രീയഭേദമന്യേ ജനങ്ങൾ ഒന്നിച്ചുനിന്ന് അവസാനിപ്പിച്ചതാണ്. നഗരസഭയിലെ 26 വാർഡുകളിലെയും മാലിന്യങ്ങൾ ഒരു വാർഡിലേക്ക് മാത്രം കൊണ്ടുവരാനുള്ള നീക്കം അംഗീകരിക്കാനാവില്ല.
കോടതി നിർദേശങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് കാനാട്ടുപാറയിൽ വീണ്ടും ഡമ്പിങ് യാർഡ് ആരംഭിക്കാനുള്ള LDF ഭരണനേതൃത്വത്തിന്റെ തീരുമാനത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കാൻ യു.ഡി.എഫ് നേതൃത്വം നൽകും.
പരിസ്ഥിതി പ്രശ്നങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകില്ലെന്നാണ് ഭരണനേതൃത്വത്തിന്റെ നിലപാടെങ്കിൽ, ഇത്തരമൊരു നീക്കം തങ്ങൾ പ്രതിനിധീകരിക്കുന്ന വാർഡുകളിലേക്ക് കൊണ്ടുപോകാൻ അവർ തയ്യാറാകുമോ എന്ന് എൽ.ഡി.എഫ് നഗരസഭാ ഭരണസമിതി വ്യക്തമാക്കണം.
കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി കാനാട്ടുപാറയിൽ ഫുഡ് പാർക്ക് ഉൾപ്പെടെയുള്ള വലിയ വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരുന്നത്. അത് നഗരസഭ ബഡ്ജറ്റിലും ഉൾപ്പെടുത്തിയിരുന്നു..ആ പദ്ധതികൾ അട്ടിമറിച്ച് ഒരു പ്രദേശത്തെ ദുരിതത്തിലേക്ക് തള്ളിവിടാനുള്ള നീക്കത്തിന് ഒരു കാരണവശാലും യു.ഡി.എഫ് കൂട്ടുനിൽക്കില്ല.
ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി നഗരസഭാ അധികൃതരെ ആ പ്രദേശത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
ജനതാൽപ്പര്യം മുൻനിർത്തിയുള്ള നഗരസഭയിലെ യു.ഡി.എഫിന്റെ നിർദേശങ്ങളെയും പ്രദേശവാസികളുടെ ആശങ്കകളെയും അവഗണിച്ച് എൽ.ഡി.എഫ് ഭരണസമിതി മുന്നോട്ടുപോകാനാണ് തീരുമാനിക്കുന്നതെങ്കിൽ ശക്തമായ പ്രത്യക്ഷ സമരപരിപാടികൾക്ക് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
ഭൂരിപക്ഷം ഉപയോഗിച്ച് എൽ.ഡി.എഫ് ഭരണസമിതി ഇന്ന് നഗരസഭ കൗൺസിലിൽ കൈക്കൊണ്ട ജനവിരുദ്ധ തീരുമാനത്തിനെതിരെ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ ജെ. പനയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര പാർലമെന്ററി പാർട്ടി യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേൽ, കെ.ഡി.പി നേതാവ് എൻ. കൃഷ്ണൻ നായർ, കേരള കോൺഗ്രസ് നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ സിജി ടോണി, കെ.ഡി.പി പാർലമെന്ററി പാർട്ടി പ്രതിനിധി പ്രിൻസി സണ്ണി എന്നിവർ പ്രസംഗിച്ചു.
അതെ സമയം പാലാ ചെയർപേഴ്സൻ മായാ രാഹുൽ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഊതി പെരുപ്പിച്ച പ്രസ്താവന എന്നാണ് ചെയർപേഴ്സൻ വിശേഷിപ്പിച്ചത്.
