Kerala
ജനവികാരം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി; വി എം സുധീരൻ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രതിസന്ധി തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുതിര്‍ന്ന നേതാവ് വി എം സുധീരന്.
കേരളത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന് മാധ്യമങ്ങളോട് പറഞ്ഞു. ജനവികാരവും തന്റെ ബോധ്യങ്ങളും രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പറയാനുള്ളതെല്ലാം പറഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുധീരന് പറഞ്ഞു.
ജനവികാരം ആര്‍ക്ക് എന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. വിശദാംശങ്ങള്‍ പറയുന്നത് ഔചിത്യമല്ല. തന്റെ ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. വ്യക്തിപരമായ അഭിപ്രായമല്ല, ജനങ്ങളുടെ വികാരമാണ് പങ്കുവെച്ചത്. പ്രഖ്യാപനം വൈകി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇനിയും വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.