Kerala
സിഎംആർഎൽ-എക്സാലോജിക്ക് ദുരൂഹ ഇടപാട്; നിർണായക നീക്കവുമായി ഇഡി
കൊച്ചി: സിഎംആർഎൽ – എക്സാലോജിക്ക് കമ്പനികളുടെ ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുന്നതിനിടെ നിർണായക നീക്കവുമായി ഇഡി.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ അക്കൗണ്ടിൽ നിന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിയായ എക്സലോജിക്കിന്റ അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്താനാൻ ഇഡിയുടെ നീക്കം, ഇതിന്റെ ഭാഗമായി ഇഡി സംഘം ആദായനികുതിവകുപ്പിന്റെ സൈബർ ഫൊറൻസിക് ഓഡിറ്റിങ് വിദഗ്ധരുടെ സഹായം തേടി . ദുബായിലുള്ള ചില ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ന്യൂഡൽഹിയിലെ യുഎഇ എംബസിയുടെയും സഹായം തേടിയിട്ടുണ്ട്.
കേസന്വേഷിക്കുന്ന ഇ.ഡിയുടെയും എസ്എഫ്ഐഒയുടെയും ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത മീറ്റിങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനു വേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെയും യുഎഇ എംബസിയുടെയും സഹായം തേടാൻ ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ നിർദേശം നൽകിയത്.
അതേസമയം, മാസപ്പടിക്കേസ് കേസ് അന്വേഷിച്ച സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) സിഎംആർഎൽ- എക്സലോജിക് അക്കൗണ്ടുകൾ നേരത്തേ പരിശോധിക്കാൻ ശ്രമം നടത്തിയെങ്കിലും അന്ന് യുഎഇയിലെ ഒരു പ്രവാസി വ്യവസായിയുടെ ഇടപെടൽ മൂലം ആ ശ്രമം പരാജയപ്പെട്ടിരുന്നു. മുൻപ് സിപിഎം നേതൃത്വവുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണ വിധേയനായ വ്യവസായിയായിരുന്നു ഇതിന് പിന്നിൽ.