Kerala
ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പ്രതിഫലം കേരളത്തില്‍; ആവര്‍ത്തിച്ച് മന്ത്രി
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍,
ആരോഗ്യ മന്ത്രിക്ക് ആ ഓഫിസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞു. ബക്കറ്റ് പിരിവിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ കൊലയാളികള്‍ക്ക് വേണ്ടി പിരിവ് നടത്തിയവര്‍ ആണ്. സമരക്കാര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവര്‍ത്തിച്ചു. 13,000 രൂപ വരെ കിട്ടുന്നുണ്ട്. ഇതില്‍ 9400 രൂപ നല്‍കുന്നതും സംസ്ഥാന സര്‍ക്കാരാണ്. ബാക്കി തുകയാണ് കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. എന്നാൽ സംസ്ഥാനം അത് മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.