Kerala
രാഹുലിനെതിരെ പരാതിയും തെളിവും ഇല്ലാതിരുന്നിട്ടും നടപടി; വിമർശിക്കുന്നവർക്ക് ലേശം ഉളുപ്പ് വേണം: വി ഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയം പാർട്ടി ഗൗരവതരമായി പരിശോധിച്ചു. ഒരു രാഷ്ട്രീയ പാർട്ടിക്ക് എടുക്കാൻ പറ്റിയ ഏറ്റവും വലിയ മാതൃകാപരമായ തീരുമാനമാണ് രാഹുലിനെതിരായ നടപടിയിലൂടെ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു.
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. കേരളത്തിൽ ഇത്തരമൊരുസംഭവം ഉണ്ടായിട്ട് ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇത്രയും കർക്കശമായി നിശ്ചയദാർഢ്യത്തോടെ തീരുമാനമെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
രാഹുലിനെതിരെ തങ്ങളുടെ കൈവശം ഒരു പതാതിയുമില്ല. ഒരു തെളിവും തങ്ങൾക്കാരും നൽകിയിട്ടില്ല. എന്നിട്ടും ഇരുപത്തിനാല് മണിക്കൂറിനകം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്ന് രാഹുൽ രാജിവെച്ചു. ശേഷം പാർട്ടി ഗൗരവതരമായി അക്കാര്യം പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്നാണ് പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്ത് മാറ്റി നിർത്താൻ തീരുമാനിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടി ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടോ എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.