Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സ്വര്‍ണക്കൊള്ള അന്വേഷണത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും എസ്ഐടിക്ക് വീഴ്ച സംഭവിച്ചു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുരാരി ബാബുവിന് ജാമ്യം ലഭിച്ചിരിക്കുകയാണ്.
തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിക്ക് ഒരു കേസില്‍ ജാമ്യം ലഭിച്ച് കഴിഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അടുത്ത കേസിലും ജാമ്യം ലഭിക്കും. പ്രതികള്‍ പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാകും. നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ പോലും എസ്ഐടിക്ക് സാധിച്ചിട്ടില്ല. എസ്ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശക്തമായ സമ്മര്‍ദമുണ്ടെന്നും സതീശന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സതീശന്.